ദുബൈ: യഥാർത്ഥ മത വിശ്വാസികൾക്ക് ഒരിക്കലും വർഗീയതയും തീവ്രവാദവും പറയാനോ പ്രവർത്തിനോ ആവില്ലെന്നും മതങ്ങളെ കുറിച്ച് അറിയാത്തവരാണ് വർഗീയ, തീവ്രവാദികളാവുന്നതെന്നും പ്രശസ്ത എഴുത്തുകാരൻ കെ പി രാമനുണ്ണി പറഞ്ഞു. ദുബൈ കെ.എം.സി.സി സമർപ്പിച്ച പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം ഒന്നിച്ചും കളിച്ചും ചിരിച്ചും വളർന്നവരാണ് മലയാളികളെന്നും അവർക്കിടയിൽ മതിൽ കെട്ട് നിർമ്മിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാംസ്‌കാരിക സംഗമത്തിലെ പ്രഭാഷണങ്ങത്രയും മൈത്രിയുടെ ഉണർത്തുപാട്ടായി മാറി. ദുബൈ കെ.എം.സി.സിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ചേർത്തവതരിപ്പിക്കാവുന്ന അനശ്വര ചടങ്ങിന് സാക്ഷികളാവാൻ ധാരാളം പേരെത്തിയിരുന്നു.വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി മൗന പ്രാർത്ഥനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

പ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായ കെ.പി രാമനുണ്ണി എഴുതിയ ദൈവത്തിന്റെ പുസ്തകം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ദുബൈ കെ എം സി സി സാംസ്‌കാരിക സഹവർത്തിത്വത്തിന്റെ ഇടങ്ങൾ എന്ന പേരിൽ ദുബൈ വുമൺസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഡെപ്യൂട്ടി കോൺസുൽ ജനറൽ മുരളീധരൻ ഉൽഘാടനം ചെയ്തു. മൈത്രിയുടെയും സൗഹൃദത്തിന്റെയും വിളക്കുമരങ്ങളാവാൻ സാധിക്കുന്ന സർഗസൃഷ്ടികളാണ് വർത്തമാന കാലസമൂഹത്തിന് അനിവാര്യമാണ്. ആ ദൗത്യ നിർവ്വഹണമാണ് കെ.പി രാമനുണ്ണി ദൈവത്തിന്റെ പുസ്തകത്തിലൂടെ നിർവ്വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സഹവർത്തിത്വത്തിന്റെ സന്ദേശം പുതു തലമുറയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ദുബൈ കെ.എം.സി.സിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര, റേഡിയോ മാങ്കോ കണ്ടെന്റ് ഹെഡ് എസ്.ഗോപാല കൃഷ്ണൻ, ഷാർജ ബുക്ക് ഫെയർ സിഇഒ മോഹൻകുമാർ, മിഡി ലിസ്റ്റ് ചന്ദ്രിക റെസിഡൻഷ്യൽ എഡിറ്റർ ജലീൽ പട്ടാമ്പി, നിസാർ സൈദ്, ഷീലാ പോൾ, ബഷീർ തിക്കോടി, പുന്നക്കൻ മുഹമ്മദലി, എം.സി.എ നാസർ, മുരളി മംഗലത്ത്,ഹണീ ഭാസ്‌കരൻ, സലിം അയ്യനത്ത്, അഷ്റഫ് താമരശ്ശേരി,സൈനുദ്ധീൻ വെള്ളിയോടൻ, റഫീഖ് മേമുണ്ട, അബ്ദു ശിവപുരം, ഉണ്ണി കുലുക്കല്ലൂർ, ഷാജി ഹനീഫ്, സൈനുദ്ധീൻ പുന്നയൂർകുളം, രാജൻ കൊളായി പാലം, റീനാ സലിം, മുജീബ് ജയ്ഹൂൺ, അൻവർ വാണിയമ്പലം, പ്രൊഫ: ഫിറോസ്,എം.എസ് നാസർ, ഷബീർ എയർ ഇന്ത്യ,മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി,യെൻ.കെ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

ട്രഷറർ എ.സി ഇസ്മായിൽ സന്ദേശവും സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ പ്രശസ്തി പത്രവും വായിച്ചു.സഫ്വാൻ കണ്ണൂർ ഖിറാഅത്ത് നിർവ്വഹിച്ചു. ദുബൈ കെ.എം.സി.സി നൽകുന്ന അവാർഡിന് അർഹനായ കെ.പി രാമനുണ്ണിക്ക് എൻ.എം പണിക്കർ പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകി. പ്രവാസം മതിയാക്കി നാട്ടിൽ പോവുന്ന ഇടുക്കി ജില്ലാ കെ.എം.സിസി നേതാവ് ഷാജി ഇടുക്കിക്കും ഡോക്ടറേറ്റ് നേടിയ ഹൈദറലി തിരുനാവായക്കും ഉപഹാരം നൽകി.

ആക്ടിങ് സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ ഏറാമല നന്ദിയും പറഞ്ഞു