ദുബൈ: പഠനം മനസിന്റെ ലക്ഷ്യത്തെ അറിയാനുള്ള വ്യഗ്രതയാണെന്നും ബുദ്ധിമുട്ടുകളെയും തടസങ്ങളെയും കുറിച്ച് ചിന്തിക്കാതെ ലക്ഷ്യം നേടിയെടുത്താലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഫറൂഖ് കോളേജ് പ്രൊഫസറും കോട്ടക്കൽ മണ്ഡലം എംഎ‍ൽഎയുമായ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. ദുബൈ കെ.എം.സി.സിയിൽ നടത്തിവരുന്ന കേരള സർക്കാറിന്റെ പത്താം തരം തുല്യതാ കോഴ്‌സിന്റെ അഞ്ചാം ബാച്ചിലെ പഠിതാക്കൾക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഷ്ട്ടപ്പെട്ട അറിവിന്റെ ജാലകം തുറന്ന് വിജ്ഞാനത്തിന്റെ അനന്തമായ ദൂരത്തേക്ക് എത്തുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടപ്പാകുന്ന ഇത്തരം വിദ്യാഭ്യസ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽഗ്രയ്‌സിനെ പോലുള്ള ഉന്നത ശ്രേണിയിലെത്തിയ മഹാന്മാർ പ്രൈമറി തലത്തിൽ വരെ പരാജയപെട്ടവരും വിദ്യാഭ്യാസം നേടാൻ കഴിയാത്തവരുമായിട്ടും അവരുടെ ഇച്ചാശക്തിയും ലക്ഷ്യ ബോധവുമാണ് ഇത്രയും വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞെതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

അദ്ധ്യാപകർ തന്റെ കുട്ടികളുടെ മനസിനെ അറിഞ്ഞു കൊണ്ട് പ്രവർത്തിക്കുകയും സ്‌നേഹം നൽകി അവരുടെ മനസിനെ കീഴടക്കുകയും ചെയ്താൽ ഏതു അലസത ഭാവം കാണിക്കുന്ന വിദ്യാർത്ഥികളെയും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സി.വി അഷ്റഫ്, സിംന ടീച്ചർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.