ദുബൈ: ആംബുലൻസിന് പണമില്ലാതെ ഉറ്റവരുടെ മൃതദേഹവും വഹിച്ചു കിലോമീറ്ററോളം നടകേണ്ടിവന്ന ഒഡീഷയിലെ രണ്ടു ദാരുണമായ സംഭവങ്ങളുടെ പാശ്ചാതലത്തിൽ വേദനയറ്റ ഹൃദയങ്ങൾക്ക് സഹായമേകുകയെന്ന ലക്ഷ്യത്തോടെ ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച രണ്ടു ആംബുലൻസുകൾ ഈ മാസം നിരത്തിലിറക്കുകയാണ്.

ഇതിന്റെ കൈമാറ്റ ഉദ്ഘാടനം ഈ മാസം(22/02/2016) 22ന് ബുധനാഴ്ച രാവിലെ 11.30ന് ബൂവനേശ്വർ പ്രസ് ക്ലബ്ബിൽ നടക്കും. വിടപറഞ്ഞ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ ഓർമ്മക്കായാണ് ഇത് സമർപ്പിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ വളരെ നന്നായി പ്രവർത്തികുന്നതും ജീവകാരുണ്യ പ്രവർത്തന രംഗത്ത് നേതൃത്വം കൊടുക്കുന്നതുമായ ബൂവനേശ്വർ കാലഹന്തിയിലെ മഹാവീർ സംസ്‌കൃതി അനുഷ്ടാൻ,ബാലസോറിലെ മുസ്ലിം വെൽഫയർ സൊസൈറ്റി എന്നീ സംഘടനകളാണ് ദുബൈ കെ.എം.സി.സിക്ക് വേണ്ടി ഇതിന്റെ തുടർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാരുണ്യ സംരംഭക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പുതിയ മാനങ്ങൾക്ക് മാതൃകയാകുന്ന ദുബൈ കെ.എം.സി.സിയുടെ സഹായ ഹസ്തം ഒഡീഷയിലേക്കും നീളുകയാണ്.

മന്ത്രിമാർ,എംപിമാർ.എംഎ‍ൽഎമാർ,മറ്റു സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ-വിദ്യാഭ്യാസ-മാദ്ധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആംബുലൻസ് കൈമാറും. ജാതി-മത ഭേതമന്യേ സഹായം എത്തികുന്നതിന്റെ ഭാഗമായിയാണ് കേരളത്തിനു പുറമേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും ജീവകാരുണ്യ പ്രവർത്തനം വ്യാപിപ്പിക്കാൻ ദുബായ് കെ.എം.സി.സി ലക്ഷ്യമിട്ടത്.ചെന്നൈ കെ.എം.സി.സി നടത്തുന്ന ബൈത്തുറഹ്മ പദ്ധതിയിൽ നാൽപ്പതു വീട് നിർമ്മാണത്തിനുള്ള ചെലവിനും ആസാം ദുരിതാശ്വാസ നിധിയിലെക്കും,യമൻ ദുരിതാശ്വാസ ഫണ്ടിലേക്കും ദുബൈ കെ.എം.സി.സിയുടെ സഹായം മുൻപ് നൽകിയിട്ടുണ്ട്.