തിരുവനന്തപുരം/ ദുബൈ : സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട 14 കേന്ദ്രങ്ങളിൽ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് ദുബൈ കെ.എം.സി.സിയുടെ ഭാഗത്തുനിന്നുള്ള സാമഗ്രികളുടെ വിതരണം സംബന്ധിച്ച രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന് സമർപിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ നഹയാണ് മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറിയത്.സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 14 പുനരധിവാസ കേന്ദ്രങ്ങളിൽ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ 50 ശതമാനമാണ് ദുബൈ കെ.എം.സി.സി വഹിക്കുന്നത്.

കേരള സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ചേർന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സാമൂഹ്യനീതി മന്ത്രിയായിരുന്ന ഡോ.എം.കെ മുനീർ മുൻകൈയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതും കെ.എം.സി.സി കരാറിൽ ഏർപെട്ടതും. സർക്കാരും കെ.എം.സി.സിയും 50:50 അനുപാതത്തിൽ തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാസദനം, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആശാ ഭവനുകൾ, പ്രതീക്ഷ, പ്രത്യാശ ഭവനങ്ങൾ, ഓൾഡ് ഏജ് ഹോം, ആൺകുട്ടികൾക്കുള്ള ആഫ്റ്റർ കെയർ ഹോം എന്നീ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.ആലുങ്ങൽ മുഹമ്മദ് നേതൃത്വം വഹിക്കുന്ന അൽ അബീർ ഗ്രൂപ്പാണ് ദുബൈ കെ.എം.സി.സിക്കു വേണ്ടി സാമഗ്രികൾ നേരിട്ട് 14 കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ, എംഎ‍ൽഎമാരായ പി.കെ അബ്ദുറബ്ബ്, പാറയ്ക്കൽ അബ്ദുള്ള, പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ, അൽ അബീർ ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുൽ സലാം, കെ.എം.സി.സി വൈസ് പ്രസിഡന്റ്മാരായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, സെക്രട്ടറി ഇസ്മഈൽ അരൂക്കുറ്റി, മൈ ജോബ് കോർഡിനേറ്റർ സിയാദ് കുന്നമംഗലം, കെ.പി.എ സലാം, ഇ.
സാദിഖലി എന്നിവർ സംബന്ധിച്ചു.