ദുബൈ: ഗൾഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ.എം.സി.സി മൊബൈൽ ഫോൺ സാങ്കേതിക പരിശീലനം നൽകുന്നു. മൊബൈൽ ഫോൺ രംഗത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് നെറ്റ്‌വർക്കായ ബ്രിറ്റ്‌ക്കൊ ആൻഡ് ബ്രിറ്റ്‌ക്കൊയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നൽകുന്നത്.

ഒരു വിദേശ രാജ്യത്ത് ഇത്തരം സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂർ ഓൺ ലൈൻ സപ്പോർട്ടും ലഭിക്കും.ഈ പ്രോഗ്രാമിന്റെ ക്ലാസുകൾ എല്ലാ വെള്ളിയാഴ്ചകളിൽ കാലത്ത് 8.00 മണി മുതൽ 12.00 മണി വരെ അൽ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും.കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും ഈ ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള പാശ്ചാത്തല സൗകര്യങ്ങൾ ദുബൈ കെ.എം.സി.സി സൗജന്യമായി ഒരുക്കും. പരിശീലനത്തിനാവശ്യമായ ടൂൾ കിറ്റ് മാത്രമാണ് പഠിതാക്കൾ കൊണ്ടുവരേണ്ടത്.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് മൊബൈൽ ഫോൺ വിപണന/വിപണനാനന്തര സേവന രംഗത്ത് നിരവധി തൊഴിലവസരങ്ങൾ ലഭിക്കും. ഇവർക്ക് സർട്ടിഫിക്കറ്റും തൊഴിൽ നേടുന്നതിനുള്ള സഹായവും ദുബൈ കെ.എം.സി.സി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹയും ആക്റ്റിങ് ജന:സെക്രട്ടറി ഇസ്മായിൽ ഏറാമലയും അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവരിൽ നിന്നി പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവർക്കാണ് പ്രവേശനം.ആദ്യ ബാച്ചിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സപ്റ്റംബർ 27 ന് മുമ്പ് അൽ ബറാഹ കെ.എം.സി.സി ഓഫീസിൽ നിന്നും ലഭിക്കുന്ന പ്രവേശന ഫോറം പൂരിപ്പിച്ച് തിരിച്ചു നൽകേണ്ടതാണ് എന്ന് മൈ ഫ്യൂച്ചർ ചെയർമാൻ അഡ്വ:സാജിദ് അബൂബക്കർ, കൺവീനർ ഷഹീർ കൊല്ലം എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 04 2727773 എന്ന നമ്പറിൽ വിളിക്കുക.