ദുബൈ: പ്രവാസ ജീവിതത്തിനിടയിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ അവസരം നൽകി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സർഗോത്സവം-2016 ആവേശത്തിന്റെ ആരവമുയർത്തികൊണ്ട് സമാപിച്ചു. ഏറെ നാളത്തെ പരിശീലനത്തിന് ശേഷം മത്സരാർത്ഥികൾ ജില്ലാ അടിസ്ഥാനത്തിൽ അങ്കത്തിനിറങ്ങിയപ്പോൾ മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായി. വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ തുടങ്ങിയ മത്സരങ്ങളിൽ ഒൻപത് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ 70 പോയന്റ് നേടി മലപ്പുറം ജില്ല ജേതാക്കളായി.

തൊട്ടടുത്തു ശക്തമായ വെല്ലുവളി ഉയർത്തി കോഴിക്കോട് ജില്ല 65 പോയന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 59 പോയന്റ് നേടി കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും, 40 പോയിന്റ് നേടി തൃശൂർ ജില്ല നാലാം സ്ഥാനവും കരസ്ഥമാക്കി. ഓരോ മത്സരവും മികച്ച നിലവാരമാണ് പുലർത്തുന്നതെന്ന് വിധികർത്താക്കൾ അഭിപ്രായപെട്ടു. വ്യക്തികത മൽസരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ നസീർ രാമന്തള്ളിയാണ് കലാ പ്രതിഭ. ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ നടക്കുന്ന കലാ മൽസരങ്ങളിൽ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരച്ചത്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാന്വൽ അടിസ്ഥാനമാക്കി നടത്തുന്ന മൽസരങ്ങൾ പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളിൽ ആണ് മൽസരം നടന്നത്. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാ കായിക പരിപാടി കെ.എം.സി.സി അംഗങ്ങളുടെ സർഗാത്മക കഴിവുകളെ പരിപോഷണം കൂടി ലക്ഷ്യമിട്ടാണ് ദുബായ് കെ.എം.സി.സി സംഘടിപ്പികുന്നത്. പ്രഗൽഭരായ വിധികർത്താക്കൾ ആണ് മത്സരത്തിന്റെ വിധി നിർണയത്തിനായി നാട്ടിൽ നിന്ന് എത്തിയിരുന്നത്. കലാ രംഗത്ത് കഴിവും മികവുമുള്ള ഒത്തിരി പ്രതിഭകളെ പ്രവാസ ലോകത്ത് കണ്ടെത്താൻ ഇത്തരം പരിപാടിയിലൂടെ കെ.എം.സി.സിക്ക് കഴിഞ്ഞതായി വിധികർത്താക്കൾ അഭിപ്രായപെട്ടു.