ദുബൈ: കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് യാത്രക്കാരന്റെ മുഖത്തടിക്കുകയും എട്ടു മണിക്കൂർ തടഞ്ഞു വെയ്ക്കുകയും ചെയ്ത കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരെ ദ്രോഹിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രനും ദുബൈയിൽ ഐ.ടി എഞ്ചിനീയറായി ജോലി ചെയ്യുന്ന ഹക്കീം റുബയ്ക്കും നേരിടേണ്ടിവന്ന പീഡനമെന്നും യോഗം അഭിപ്രായപെട്ടു.

പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. ഇ.ബി അഹ് മദ്, സലീം ചേരങ്കൈ, ഐ.പി.എം അസീസ് കമാലിയ, കരീം മൊഗർ, റഹീം പടിഞ്ഞാർ, മുനീഫ് ബദിയടുക്ക, റഹീം നെക്കര, സത്താർ ആലംപാടി, സിദ്ദീഖ് ചൗക്കി തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.

കസ്റ്റംസ് പരിശോധന എന്ന പേരിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പിടിച്ചുപറി ഇതിന് മുമ്പും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കരിപ്പൂരിലുണ്ടായ സംഭവത്തിൽ പ്രവാസികളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.