തിരുവനന്തപുരം: മറുനാടൻ മലയാളി അവാർഡ്‌സ് 2015ലെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരം ദുബായിലെ കെഎംസിസിക്ക്. മറുനാടൻ വായനക്കാർ പങ്കെടുത്ത വോട്ടിംഗിൽ ഏതാണ്ട് ഏകപക്ഷീയമായി തന്നെയാണ് മലയാളികൾക്കിടയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസി ദുബായ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ നാൽപ്പത് ശതമാനം വോട്ടുകൾ കെഎംസിസി ദുബായ് സ്വന്തമാക്കിയപ്പോൾ മറ്റാർക്കും ഈ മേധാവിത്വത്തെ മറികടക്കാൻ സാധിച്ചില്ല. ഇടതു ആഭിമുഖ്യം പുലർത്തുന്ന സംഘടനയായ അബുദാബി ശക്തി തീയറ്റേഴ്‌സിനാണ് രണ്ടാം സ്ഥാനം.

ദുബായിലെ കലാരംഗത്തും സാമൂഹ്യ രംഗത്തും എന്തിനും ഏതിനും താങ്ങായി നിൽക്കുന്ന കെഎംസിസിക്ക് വൻ പിന്തുണയാണ് പ്രവാസികൾക്കിടയിൽ ഉള്ളത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് മറുനാടൻ പുരസ്‌ക്കാരത്തിലും ഉണ്ടായത്. മുസ്ലിംലീഗുമായി വ്യക്തമായി ആഭിമുഖ്യം പുലർത്തുന്ന കെഎംസിസി ദുബായ്ക്ക് 40.60 ശതമാനം വോട്ടാണ് ലഭിച്ചത്. അബുദാബിയിലെ ഇടതു സാംസ്കാരിക സംഘടനയായ ശക്തി തീയറ്റേഴ്‌സ് 25.50 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 13.70 ശതമാനം പേരുടെ പിന്തുണയുമായി ഫൊക്കാന മൂന്നാമതെത്തി. ദുബായ് ഗോൾഫ് എംഎമ്മിന്റെ ഹോം ഫോർ ഈദ് പരിപാടി 10.60 ശതമാനം വോട്ടെടെ നാലാമതും ഐവൈസിസി ബഹറിൻ 9.60 ശതമാനം വോട്ടുമായി അഞ്ചാം സ്ഥാനത്തുമെത്തി.

ഓൺലൈൻ വോട്ടിംഗിന്റെ വിവരങ്ങൾ വോട്ടിന്റെ എണ്ണത്തിൽ പരിഗണിച്ചാൽ ഇങ്ങനെയാണ് വിവരങ്ങൾ: 55041 പേരാണ് ആകെ ഓൺലൈൻ വോട്ടിംഗിൽ പങ്കെടുത്തത്. ഇതിൽ, 22323 പേർ ദുബായ് കെഎംസിസിയാണ് മികച്ച പ്രവാസി സംഘടന എന്ന അഭിപ്രായം രേഖപ്പെടുത്തി. രണ്ടാമതെത്തിയ അബുദാബി ശക്തി തീയറ്റേഴ്‌സിന് 14049 വോട്ടുകൾ ലഭിച്ചു. അമേരിക്കൻ പ്രവാസി സംഘടനയായ ഫൊക്കാനയ്ക്ക് അനുകൂലമായി 7518 പേർ നിലകൊണ്ടപ്പോൾ ഗോൾഡ് എഫ് എം ദുബായ്ക്ക് വേണ്ടി 5859 പേർ രംഗത്തുവന്നു. ഒടുവിൽ എത്തിയ ഐവൈസിസി ബഹറിന് 5292 വോട്ടാണ് ലഭിച്ചത്.

21 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന് ഒടുവിലാണ് മറുനാടൻ മലയാളി മികച്ച പ്രവാസി സംഘടനയായി കെഎംസിസി ദുബായിയെ തിരഞ്ഞെടുത്തത്. വായനക്കാരുടെ നോമിനേഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സംഘടനകളെയാണ് ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയരുന്നത്. ഇവരിൽ നിന്നാണ് ഓൺലൈൻ വോട്ടിംഗിലൂടെ കെഎംസിസി ദുബായി പുരസ്‌ക്കാര ജേതാവായത്. ഡിസംബർ 15 മുതൽ ആരംഭിച്ച വോട്ടിങ് ജനുവരി 5 വരെയാണ് ഓൺലൈൻ വോട്ടിങ് നടന്നത്. വോട്ടിംഗിന്റെ തുടക്കത്തിൽ തന്നെ കെഎംസിസി ദുബായ് തന്നെയാണ് മുന്നിൽ നിന്നത്.

ഏറ്റവും അധികം മലയാളി പ്രവാസികൾ ജോലി ചെയ്യുന്ന ദുബായിൽ പ്രവർത്തിക്കുന്ന കെഎംസിസിക്ക അർഹിച്ച അവാർഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. നാട്ടിൻപുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ കേരളത്തിൽ നിന്നുമെത്തിയ ജനലക്ഷങ്ങളാണ് ദുബായിൽ താമസിക്കുന്നത്. മലബാർ മേഖലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ദുബായിൽ ഉള്ളത് അതുകൊണ്ട് തന്നെ മലബാറിന്റെ രാഷ്ട്രീയ സ്വഭാവം കൂടുതൽ പ്രതിഫലിക്കുന്ന സംഘടനയാണ് കെഎംസിസി ദുബായ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദുബായ് കേരള മുസ്ലിം കൾച്ചറൽ സെന്റർ.

മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് വ്യക്തമായി ആഭിമുഖ്യം പുലർത്തുന്ന ഈ സംഘടന പ്രവാസികൾക്കിടയിലെ സാമൂഹ്യക്ഷേമരംഗത്തെ അവസാന വാക്കാണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കാരുണ്യസ്പർശം എല്ലായിടത്തും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഒരുക്കലും അവഗണിക്കാൻ സാധിക്കാത്ത പ്രവാസി സംഘടന എന്ന നിലയിലാണ് മറുനാടൻ മലയാളിയുടെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരം കെഎംസിസി ദുബായ് കരസ്ഥമാക്കിയത്. എല്ലാ രംഗത്തും ഇടപടൽ നടത്താൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് മാത്രമല്ല നാട്ടിലെ അശരണർക്ക് വേണ്ടിയും സജീവ ഇടപെടൽ നടത്തുന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും മറ്റും സാമൂഹിക പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്. സഹായം വേണ്ടിടത്ത് അത് എത്തിക്കുകയാണ് ലക്ഷ്യം.

എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും കെഎംസിസിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ വിവിധ ഘടകങ്ങളിലൂടെ ഒഴുകുന്നത്. ഭവനപദ്ധതികളും ഇതിലുണ്ട്. ആതുര രക്ഷാ പദ്ധതികളുമുണ്ട്. രക്തദാനവും പെൻഷൻ പദ്ധതിയും എല്ലാം ഇതിലുണ്ട്. ഇതിനൊപ്പം കലാസാസ്‌കാരിക മേഖലകളിലും സജീവം. മാദ്ധ്യമസാമൂഹിക അവാർഡുകളും വിതരണം ചെയ്യുന്നു. കലാ സാംസ്‌കാരിക രംഗത്തെ സജീവ ഇടപെടൽ നടത്തുന്ന സംഘടനയായ കെഎംസിസി ദുബായ്ക്ക് മികച്ച സംഘടനയ്ക്കുള്ള നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സിഎച്ച് സെന്ററുകൾ, ആതുര സേവന രംഗത്തെ ഇടപെടൽ ഇങ്ങനെ എല്ലാ മേഖലയിലും ഇടപെടൽ നടത്താൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടൽ കൂടി നടത്തുന്ന ഈ സംഘടന തന്നെയാണ് മുസ്ലിംലീഗിന്റെ പ്രധാന ശക്തിയും. ഇങ്ങനെ നിരവധി ഇടപെടൽ നടത്തുന്നതിനുള്ള അംഗീകാരമാണ് മറുനാടന്റെ പുരസ്‌ക്കാരം.

മറുനാടൻ അവാർഡ്‌സ് 2015ലെ ഒമ്പതാത്തെ പുരസ്‌ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജനനായകനുള്ള പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നേടിയപ്പോൾ പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം ലഭിച്ചത് വിടി ബൽറാമിനായിരുന്നു. മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം ഇടമലക്കുടിയിലെ ആദിവാസി സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ നേടിയപ്പോൾ സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌ക്കാരം വാവ സുരേഷും കരസ്ഥമാക്കി. സോഷ്യൽ മീഡിയയിലെ മികച്ച ഇടപെടലിനുള്ള അവാർഡ് കൃഷിഭൂമിയെന്ന ഫേസ്‌ബുക്ക് കൂട്ടായ്മമ്മയ്ക്കും, മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ പ്രശാന്ത് നായർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള പുരസ്‌ക്കാരം കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കുമായിരുന്നു ലഭിച്ചത്. ആഷിൻ തമ്പിക്കായിരുന്നു മികച്ച കാമ്പസ് പ്രതിഭയ്ക്കുള്ള പുരസ്‌ക്കാരം.

മറുനാടൻ അവാർഡ്‌സ് 2015ലെ അവശേഷിക്കുന്ന ഒരു പുരസ്‌ക്കാരം മികച്ച പ്രവാസിക്കുള്ളതാണ്. ഈ പുരസ്‌ക്കാരം നാളെ പ്രഖ്യാപിക്കുന്നതാണ്. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.