ദുബായ്: സ്ത്രീ ശാക്തീകരണം ഗൃഹാന്തരീക്ഷങ്ങളിലാണ് തുടങ്ങേണ്ടതെന്നും, ഇത് സമൂഹ ഉന്നമനത്തിലും, രാഷ്ട്ര നിർമ്മാണത്തിലും വഹിക്കുന്ന പങ്കു വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആൻഡ് മിനിസ്റ്റർ നീതാ ഭൂഷൻ അഭിപ്രായപ്പെട്ടു. ദുബായ് കെഎംസിസി വനിതാ വിങ് അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച 'വനിതാ ഫെസ്റ്റ് 2016' ൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അവർ. കെ.എം.സി.സി വനിതാ വിങ് പോലെയുള്ള കൂട്ടായ്മകളിലൂടെ സ്ത്രീകൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ വേദികൾ ഒരുക്കുന്നത് അഭിനന്ദനാർഹമാണ് എന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബ ഭദ്രതക്കും സമൂഹ നന്മക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് യു.എ.ഇ ഭരണാധികാരികൾ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും, തൊഴിൽ മേഖലയിലും ക്രിയാത്മകമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ആശംസാ പ്രസംഗത്തിൽ സി.ഡി.എ ഇവന്റ്‌സ് ആൻഡ് പെർമിഷൻ സീനിയർ എക്‌സിക്യൂട്ടീവ് ആമിന അബ്ദുള്ള പറഞ്ഞു. വനിതാ വിങ് പ്രസിഡന്റ് റീന സലിം അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ.അൻവർ നഹ, വനിതാ വിങ് ഉപദേശക സമിതി ചെയർ പേഴ്‌സൻ ശംസുന്നീസ ശംസുദ്ധീൻ, ഹവ്വ ഉമ്മ അബ്ദുസമദ്, മിന്നത് അമീൻ, ദുബായ് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഹനീഫ് കൽമാട്ട, സെക്രട്ടറി സാജിദ് അബൂബക്കർ എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രമുഖ ട്രെയിനിങ്, കോച്ചിങ്, കൺസൾട്ടൻസി വിദഗ്ധ ഉമാ രാധാകൃഷ്ണൻ 'അമ്മ ഒരു നായിക' എന്ന വിഷയത്തിൽ ക്ലാസെടുത്തു.

വനിതാ വിങ് ജനറൽ സെക്രട്ടറി നാസിയാ ഷബീർ സ്വാഗതവും ട്രഷറർ സഫിയ മൊയ്തീൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ യുവ എഴുത്തുകാരി റിദ ജലീൽ, മേതമാടിക്‌സ് ഒളിമ്പ്യാഡ് വിജയി ഫാത്തിമ മെഹ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വനിതാ വിങ് ഭാരവാഹികളായ നജ്മ സാജിദ്, ആബിദ അസീസ്, സൽമാ അബൂബക്കർ, ശമീജ അഹമദ്, യാസ്മീൻ അഹമദ്, മുംതാസ് യാഹുമോൻ, ഫായിസാ നാസർ, ലൈല അഷ്‌റഫ് സുഹറാബി മനാഫ്, ആയിഷ മുഹമ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. തുടർന്ന് നടന്ന വർണ്ണ ശബളമായ കലാ പരിപാടികളിൽ കുട്ടികളുടെ അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മോണോ ആക്റ്റ്, കോമഡി ഷോ, ഒപ്പന എന്നിവയോടൊപ്പം പ്രസിദ്ധ ഗായകർ ഷസ്‌നി, ഹംദ എന്നിവരുടെ ഇശൽ വിരുന്നും അരങ്ങേറി.