ദുബൈയിൽ ശരിഅ പിന്തുടർച്ച നിയമം ഇനി മുസ്ലീങ്ങൾക്ക് മാത്രം. പുതിയ നിയമം പ്രഖ്യാപിച്ചതോടെ മുസ്‌ലിംകൾ അല്ലാത്തവർക്ക് ഇനിമുതൽ ശരീഅ പിന്തുടർച്ചാ നിയമം ബാധകമാവില്ല. ഇതോടെ മരണശേഷം ഇവർക്ക് തങ്ങളുടെ സ്വത്തുക്കൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മറ്റ് നിയമങ്ങൾ അനുസരിച്ച് വിതരണം ചെയ്യാം. ഇതോടെ മുസ്ലിംകൾ അല്ലാത്തവർക്ക് ശരീഅത്തിന് പുറത്ത് മരണപത്രം തയാറാക്കാൻ അനുവദിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ ഭരണകൂടമായി മാറുകയാണ് ദുബൈ.ദുബൈ ഇന്റർനാഷനൽ ഫിനാൻസ് സെന്ററാണ് വളരെ നിർണായകമായ നിയമപ്രഖ്യാപനം നടത്തിയത്.

നിലവിൽ ദുബൈ സ്വത്തുക്കളും സ്ഥാപനങ്ങളുമുള്ള മുസ്‌ലിംകളല്ലാത്ത വിദേശികൾ ശരീഅഃ നിയമമനുസരിച്ചാണ് തങ്ങളുടെ സ്വത്തവകാശം വീതിച്ചിരുന്നത്. വ്യക്തി നിയമങ്ങൾക്കും സിവിൽ കൈമാറ്റ നിയമങ്ങൾക്കും ഇത് ബാധകമായിരുന്നു.

എന്നാൽ പുതിയ നിയമപ്രകാരം മുസ്‌ലിം അല്ലാത്ത വ്യക്തികൾക്ക് മരണാന്തരം സ്വത്ത് പിന്തുടർച്ചാവകാശികൾക്ക് നൽകുന്നതിന് ഇസ്‌ലാമിക നിയമം ബാധകമായിരിക്കില്ല. നിയമമാറ്റത്തിന്റെ തുടർച്ചയായി ദുബൈ ഫിനാൻസ് സെന്ററിൽ അമുസ്‌ലിംകൾക്ക് ഇംഗ്ലീഷ് ഭാഷയിൽ വിൽപത്രങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തി. ഇതോടെ സ്വത്തുടമക്ക് തന്റെ സ്വന്തം ഇഷ്ടപ്രകാരം സ്വത്തുക്കൾ വീതം വെക്കാം.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ വർഷം പുറത്തിറക്കിയ നാലാം നമ്പർ ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു ഒസ്യത്ത് രജിസ്‌ട്രേഷൻ കേന്ദ്രം തുറക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ഇന്ത്യക്കാരടക്കം നിരവധി അമുസ്‌ലിം പ്രവാസികൾക്ക് ഇത് പ്രയോജനപ്പെടും. ദുബൈയിലെ ഇസ്‌ലാമികേതര സമൂഹത്തോട് സർക്കാർ പുലർത്തുന് സഹിഷ്ണുതാപരമായ കാഴ്‌ച്ചപ്പാടിന്റെ തെളിവായും നിയമമാറ്റം വിലയിരുത്തപ്പെടുന്നു