ദുബായ്: ദുബായിൽ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. അഞ്ചു വർഷമായി ദുബായിലെ കാർ ടെക്നീഷ്യന്മാരായ 40 സുഹൃത്തുക്കൾ ചേർന്ന് ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിന് ടിക്കറ്റ് എടുത്തു. അതിൽ ഭാഗ്യം കടാക്ഷിച്ചത് തൃശ്ശൂർ പാവറട്ടി സ്വദേശി രമേശ് കൃഷ്ണൻകുട്ടിക്ക്. നറുക്കെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് നാൽപതംഗ സംഘത്തിന് സമ്മാനം ലഭിക്കുന്നത്. ചൊവ്വാഴ്ച ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്ല്യനർ റാഫിൾ നറുക്കെടുപ്പിന്റെ സമ്മാനത്തുക 10 ലക്ഷം ഡോളറിനാണ്(ഏകദേശം ഏഴര കോടി രൂപ ) അദ്ദേഹം അവകാശിയായത്. സമ്മാനത്തുക, ഭാഗ്യം കൊണ്ടുവന്ന 3295 എന്ന ടിക്കറ്റ് എടുക്കാൻ ഒപ്പമുണ്ടായിരുന്ന 39 പേർക്കും പങ്കുവെയ്ക്കാനാണ് രമേശിന്റെ തീരുമാനം.

തുടക്കത്തിൽ ടിക്കറ്റെടുക്കാൻ 100 പേരടങ്ങിയ സംഘമാണ് പണം പിരിച്ചിരുന്നത്. പിന്നീട് ഇത് 40 പേരായി ചുരുങ്ങി. സമ്മാനം ലഭിച്ചതറിഞ്ഞ് ഫോൺ വന്നപ്പോൾ ആദ്യം വിശ്വാസമായില്ലെന്ന് രമേശ് പറഞ്ഞു. ഒടുവിൽ രമേശിന്റെ ആവശ്യപ്രകാരം സംഘാടകർ വിവരം അറിയിച്ച് ഇമെയിൽ അയച്ചു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. അടുത്ത അവധിക്ക് അവരെ ദുബായ് കാണിക്കാൻ കൊണ്ട് വരണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്ന് രമേശ് പറഞ്ഞു.

ദുബായ് അൽ ഫുത്തൈം കമ്പനിയിലെ കാർ ടെക്‌നിഷ്യന്മാരാണ് എല്ലാവരും. താമസവും ഒരേ ക്യാംപിൽ. സംഘത്തിൽ ഭൂരിഭാഗവും മലയാളികളാണ്. അതും തൃശൂർ സ്വദേശികൾ. ആന്റോ വാടാനപ്പള്ളി സ്വദേശി, സുബിൻ ഇരിങ്ങാലക്കുട, പ്രവീൺ, പ്രഭാത്, ബിനീഷ്, കിഷോർ, വിജിൽ, ബൈജു, മധു, ആലപ്പുഴ സ്വദേശി പ്രകാശ്, കണ്ണൂർ സ്വദേശി സുജിത്, മനോജ്, ബിനീഷ്, രാജേഷ്, സുധീഷ്, പാലക്കാട് സ്വദേശികളായ വിനോദ്, ഉദയൻ, പ്രവീൺ, ജയൻ, ആലപ്പുഴ സ്വദേശി പ്രസാദ്, കൊല്ലം സ്വദേശി അജി, പത്തനംതിട്ട സ്വദേശി സുരേഷൻ, കൊല്ലം സ്വദേശി സന്തോഷ്, വടകര സ്വദേശി അജിത്, മലപ്പുറം സ്വദേശി പ്രവീൺ തുടങ്ങിയവരെ കൂടാതെ, മുംബൈ സ്വദേശി റിയാസ്, ഗോവ സ്വദേശികളായ സഹീർ, പ്രാണേഷ്, മംഗലാപുരം സ്വദേശികളായ അൽത്താഫ്, വില്യം എന്നിവരും പാക്കിസ്ഥാൻ സ്വദേശി ഇഖ്ബാലും ചേർന്നാണ് ടിക്കറ്റെടുത്തത്.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്നു. നേരത്തെ പത്തും പതിനഞ്ചും പേരായിരുന്നു ഭാഗ്യ പരീക്ഷണത്തിന് ഒന്നിച്ചിരുന്നത്. ഇത്തവണ പലർക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കാരണം സംഘത്തിൽ നാൽപതു പേരായി. 25 ദിർഹം മുതൽ 100 ദിർഹം വരെയാണ് ഇവർ ടിക്കറ്റിനായി മുടക്കിയത്. കഴിഞ്ഞമാസം ആറിന് രമേശ് കൃഷ്ണൻകുട്ടി നാട്ടിലേയ്ക്ക് അവധിക്ക് പോകുമ്പോഴായിരുന്നു 1000 ദിർഹം നൽകി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയതു മുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഏഴ് മുതൽ 10 വർഷം വരെയായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ 2000 മുതൽ 2500 ദിർഹം വരെ മാസ ശമ്പളമാണ് ലഭിക്കുന്നത്. സമ്മാനത്തുക ടിക്കറ്റിന് ചെലവഴിച്ച പണത്തിനനുസരിച്ച് വീതിച്ചെടുക്കാനാണ് സംഘത്തിന്റെ തീരുമാനം.