കൊച്ചി: ദുബായിൽ റോഡപകടത്തിൽ മരിച്ച മലയാളിയുടെ നഷ്ടപരിഹാര തുക ബന്ധുവെന്ന് രേഖയുണ്ടാക്കി പഞ്ചാബി തട്ടിയെടുത്തു. കോട്ടയം മുളക്കട കോഴിക്കൽ വീട്ടിൽ കെ.ഒ. ഉമ്മന്റെ മകൻ സുനിൽ അപകടത്തിൽ മരിച്ചതിന്റെ നഷ്ടപരിഹാരത്തുക ഒരു പഞ്ചാബി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി ഹൈക്കോടതിയെ സിബിഐ. അറിയിച്ചു.

1999 ഫെബ്രുവരി അഞ്ചിനാണ് സുനിൽ ഉമ്മൻ റോഡപകടത്തിൽ ദുബായിൽ മരിച്ചത്. ഇൻഷുറൻസ് കമ്പനി, നഷ്ടപരിഹാരത്തുക ദുബായ് കോടതിയിൽ കെട്ടിവെച്ചു. 2001 ഫെബ്രുവരി 26-ന്, താനാണ് സുനിൽ ഉമ്മന്റെ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തി രേഖകൾസഹിതം പഞ്ചാബിലുള്ള ജസ്വീന്ദർ സിങ് ബംഗർ ദുബായ് കോടതിയിൽ ഹാജരായി തുക സ്വീകരിച്ചു.

സംഭങവം കോടതിയിൽ എത്തിയതോടെ നഷ്ടപരിഹാരമായി 17.79 ലക്ഷം രൂപ കെ.ഒ. ഉമ്മന് നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2007 മുതൽ ഒമ്പത് ശതമാനം പലിശയും കേന്ദ്രം നൽകണം എന്നും കോടതി വിധിച്ചു. തട്ടിപ്പിനെക്കുറിച്ച് ഉമ്മന്റെ പരാതി കിട്ടിയപ്പോൾ സിബിഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ, 16 വർഷം കഴിഞ്ഞിട്ടും ജസ്വീന്ദർ സിങ് ബംഗറിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ. പറയുന്നു.

എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ പ്രതിക്കുള്ള കുറ്റപത്രം നൽകിയിരുന്നു. പ്രതിയെ കിട്ടാത്തതിനെത്തുടർന്ന് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക കിട്ടാൻ ഉമ്മൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെയും സിബിഐ.യുടെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്.

ദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റ് വഴി തുക കിട്ടാൻ ഉമ്മൻ കത്തിടപാടുകൾ നടത്തവേയാണ് തുക ജസ്വീന്ദർ സിങ് കൈപ്പറ്റിയതായി അറിഞ്ഞത്. നിർഭാഗ്യകരമായ സ്ഥിതിവിശേഷം ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതിവിധി. ഉമ്മന്റെ കാര്യത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അനാസ്ഥ കാണിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അപകടക്കേസുകളിൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക ദുബായ് കോടതിയിൽ കെട്ടിവെയ്ക്കുമ്പോൾ അവകാശികൾ നൽകുന്ന രേഖകൾ പരിശോധിക്കേണ്ട ചുമതല കോൺസുലേറ്റുകൾക്കായിരിക്കണം. കോൺസുലേറ്റിന്റെ അനുമതിയില്ലാതെ തുക കൈമാറരുതെന്ന നിർദ്ദേശം ഉണ്ടാക്കണമെന്നാണ് ഹൈക്കോടതി അറിയിപ്പ്.

ഉമ്മന്റെ കേസിലും അങ്ങനെ ഒരു നടപടി ഉണ്ടാകേണ്ടിയിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു. ഭാവിയിൽ ഹൈക്കോടതി നിർദ്ദേശം കോൺസുലേറ്റ് നടപ്പാക്കണം. പ്രതിയിൽനിന്ന് 17 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.