ദുബൈയിലെ മസ്ജിദുകൾക്ക് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നു. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലുള്ള ദുബൈയിലെ മുഴുവൻ മസ്ജിദുകളും ഇസ്ലാമികകാര്യ വകുപ്പിനു കീഴിൽ കൊണ്ടു വരാനാണ് തീരുമാനം.

വിദേശികൾ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിലെ പള്ളികളിൽ അതാത് ഭാഷകളറിയാവുന്ന ഇമാമുമാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബായിൽ ആയിരത്തിലധികം മസ്ജിദുകളാണ് ഉള്ളത്. ഇതിൽ ചുരുക്കം ചില സ്വകാര്യ മസ്ജിദുകളും ഉൾപ്പെടും

ദുബൈയിൽ ഏതാണ്ട് ആയിരത്തിലധികം മസ്ജിദുകളുണ്ട്. ഇതിൽ ചുരുക്കം ചില സ്വകാര്യ മസ്ജിദുകളും ഉൾപ്പെടും. അവ കൂടി വകുപ്പിനു കീഴിൽ കൊണ്ടു വരാനാണ് നീക്കമെന്ന് ഇസ്ലാമിക കാര്യ വകുപ്പിലെ ഡയറക്ടർ ശൈഖ സുൽത്താൻ അൽ മർറി പറഞ്ഞു. സോനാപൂർ, ദേര, തുടങ്ങിയ സ്ഥലങ്ങളിൽ മഹാ ഭൂരിപക്ഷം ഇന്ത്യക്കാർ എത്തുന്ന മസ്ജിദുകളിൽ ഇന്ത്യക്കാരായ ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കും. അതാത് സ്ഥലങ്ങളിൽ നിന്ന് ഇതിനായി ആവശ്യം ഉയർന്നു വരണം.

ഇസ്ലാമിക് അഫയേഴ്‌സിൽ 480ഓളം ജീവനക്കാരുടെ പദവികൾ പുനക്രമീകരിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. നിരവധി പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പുനക്രമീകരണം നടത്തിയിരിക്കുന്നത്. ഇമാമുമാരുടെയും ജീവനക്കാരുടെ ആനുകൂല്യം വർധിപ്പിക്കും. ഇഫ്ത്ത, മാർഗ നിർദ്ദേശം നൽകൽ, ഗവേഷണം, മതപരമായ നിലപാടുകൾ എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ജീവനക്കാരുള്ളത്. ഇസ്ലാമികകാര്യ വകുപ്പിന്റെ വിവിധ മേഖലകളിലേക്ക് സ്വദേശികളെ ആകർഷിക്കാൻ പദ്ധതി ആവിഷ്‌കരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.