ദുബായ്: ഈ മാസം 28 മുതൽ നാല് മാസത്തേക്ക് മെട്രോ സർവ്വീസ് ഭാഗീകമായി നിർത്തിവയ്ക്കുമെന്ന് റിപ്പോർട്ട്. ദുബായ് മെട്രോയുടെ റെഡ് ലൈൻ ആണ് വെള്ളി, ശനി ദിവസങ്ങളിൽ ഭാഗികമായി അടക്കുക. റെഡ് ലൈനിലെ ജുമെയ്‌‌റ ലേക് ടവർ (ജെ.എൽ.റ്റി) സ്റ്റേഷനും, ഇബ്ൻ ബത്തൂത്ത സ്റ്റേഷനും ഇടയിലാണ് വാരാന്ത്യങ്ങളിൽ സർവീസ് നിർത്തി വക്കുക.

ജൂലൈ 28 മുതൽ ഒക്ടോബർ 14 വരെയുള്ള പത്തു ആഴ്ചകളിൽ ഈ നിയന്ത്രണം തുടരുമെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട് അഥോറിറ്റിയുടെ (ആർ.ടി.എ) റെയിൽ ഏജൻസി ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് യൂസഫ് അൽ മുദാറബ് അറിയിച്ചു.

റൂട്ട് 2020 പദ്ധതിയുടെ ഭാഗമായി റെഡ് ലൈൻ എക്സ്പോ 2020 ന്റെ സൈറ്റിലേക്ക് ദീർഘിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് മെട്രോ ഭാഗികമായി അടക്കുന്നതെന്നും അൽ മുദാറബ് വ്യക്തമാക്കി. എന്നാൽ മെട്രോ യാത്രക്കാർക്ക് ബുദ്ധിമുട്ടു വരാത്ത രീതിയിൽ ജെ.എൽ.റ്റി സ്റ്റേഷനും, ഇബ്ൻ ബത്തൂത്ത സ്റ്റേഷനും ഇടയിൽ സൗജന്യ ഷട്ടിൽ ബസ് സേവനം ഏർപ്പാടാക്കിയിട്ടുണ്ട്.

ഇതനുസരിച്ചു യു.എ.ഇ എക്‌സ്ചേഞ്ച് സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ ജെ.എൽ.റ്റി സ്റ്റേഷനിൽ ഇറങ്ങണം. അവിടെ നിന്ന് ഷട്ടിൽ ബസ് വഴി ഇബ്ൻ ബത്തൂത്ത സ്റ്റേഷനിലെത്തി മെട്രോയിൽ യാത്ര തുടരാം. റാഷിദിയ ഭാഗത്തേക്ക് മെട്രോയിൽ യാത്ര ചെയ്യുന്നവർ ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽ ഇറങ്ങണം. എന്നിട്ടു ഷട്ടിൽ ബസ്സിൽ ജെ.എൽ.റ്റി സ്റ്റേഷനിൽ എത്തി വീണ്ടും മെട്രോയിൽ യാത്ര തുടരാം.