ഷാർജ: യുഎഇ 43-ാം ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലാണ്.  ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളാണ് എല്ലായിടത്തും.  ഇക്കുറി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സംയുക്തമായാണ് ആഘോഷ പരിപാടികൾ പല ഭാഗങ്ങളിലും സംഘടിപ്പിക്കുക. ഏറെ വർഷങ്ങൾക്കു ശേഷം ഇത്തവണ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലെ ഓപ്പൺ സ്‌റ്റേഡിയത്തിൽ കര, വ്യോമ, നാവിക സേനയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയദിന പരേഡും നടക്കുന്നുണ്ട്.

ആഘോഷത്തിന്റെ ഭാഗമായി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റോള സ്‌ക്വയർ പാർക്ക് തുറക്കാനും തീരുമാനിച്ചു. ഏതാണ്ട് അഞ്ച് വർഷത്തിലധികമായി അടഞ്ഞ് കിടക്കുന്ന പാർക്ക് നവീകരണത്തിന് ശേഷം രാജ്യത്തിന്റെ നാൽപത്തി മൂന്നാം പിറന്നാൾ ദിനത്തിൽ നാടിന് സമർപ്പിക്കും. സായാഹ്നങ്ങളിൽ മലയാളികളുൾപ്പെടെ ഏഷ്യൻ വംശജരുടെ സംഗമ കേന്ദ്രമായിരുന്ന റോള സ്‌ക്വയർ പാർക്കിൽ ഇനി മുതൽ സന്ദർശകർക്ക് നിയന്ത്രണവുമുണ്ടാവും. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. വിവിധ വിനോദ പരിപാടികളും അരങ്ങേറും.പുതിയ മുഖമണിഞ്ഞ് ജനങ്ങളെ സ്വീകരിക്കുന്ന പാർക്കിൽ സന്ദർശകരെ നിയന്ത്രിക്കാൻ പ്രവേശന ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ ദേശീയ ദിനാഘോഷ പരേഡ് നടക്കും.ഖലീജ് അൽ അറബ് സ്ട്രീറ്റിലെ ഫസ്റ്റ് ഗൾഫ് ബാങ്ക് ഹാൾ അരേനയിൽനിന്ന് ആഘോഷ പരിപാടി കാണാനെത്തുന്നവർക്ക് നാഷണൽ എക്‌സിബിഷൻ സെന്റർ സ്‌റ്റേഡിയത്തിലേക്കും തിരിച്ചും പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കും. വാരാന്ത്യ അവധിയുൾപ്പെടെ സർക്കാർ ജീവനക്കാർക്ക് അഞ്ചു ദിവസത്തെ തുടർച്ചയായ അവധി ലഭിച്ചതോടെ ആഘോഷ പരിപാടികളും തുടർച്ചയായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.