ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ട്രാഫിക് പിഴയിൽ ഇളവ് അനുവദിക്കുമെന്നുള്ള വാർത്ത ദുബായ് പൊലീസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും നിഷേധിച്ചു. ഡിസംബർ രണ്ടിന് ദേശീയ ദിനം വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്ത.

എന്നാൽ ഈ വാർത്ത തെറ്റാണെന്നും ഇതു പ്രചരിപ്പിക്കുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി വെളിപ്പെടുത്തി. അതേസമയം ട്രാഫിക് പിഴകളിൽ ഇളവു നൽകുന്ന രീതി നിർത്തിയെന്ന് പല തവണ ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത തീർത്തും വ്യാജമാണെന്നുമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

യുഎഇയുടെ നാൽപത്തഞ്ചാം ദേശീയ ദിനാഘോഷങ്ങൾക്ക് ഷാർജയിൽ ഇന്നു തുടക്കം കുറിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക് പിഴകൡ ഇളവു പ്രഖ്യാപിച്ചുവെന്ന വാർത്ത പ്രചരിക്കുന്നത്. അടുത്ത മാസം രണ്ടിനാണ് ദേശീയ ദിനമെങ്കിലും ദിവസങ്ങൾക്കു മുമ്പു തന്നെ ആഘോഷപരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. ബർദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ദേശീയ ദിനാഘോഷ പരിപാടികളിൽ നൂറുകണക്കിന് പൊലീസ് സേനാംഗങ്ങൾ അണിനിരന്നു. യുഎഇ പതാകയുടെ നിറച്ചാർത്തിലായിരുന്നു ആഘോഷ പരിപാടികൾ