ദുബായ്: 20 കിലോ ഹെറോയിനുമായി അന്താരാഷ്ട്ര മയക്കുമരുന്നുസംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.വാണിജ്യ കപ്പലുകൾ വഴിയുള്ള മയക്കുമരുന്ന് കടത്തായിരുന്നു ഇവരുടെ പരിപാടി.ആന്റി നാർകോട്ടിക്‌സ് വിഭാഗവും, ദുബായ് പൊലീസിന്റെ ക്രിമിനൽ കുറ്റാന്വേഷണ വകുപ്പും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മാരിയാണ് ഇതറിയിച്ചത്.

ഒരു യൂറോപ്യനും, ആഫ്രിക്കക്കാരനും മൂന്ന് ഏഷ്യാക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്.ഇതിൽ മൂന്ന് പേർ അവരവരുടെ നാടുകളിൽ ഇരുന്നാണ് ഓപ്പറേഷന് തയ്യാറെടുത്തത്.കടൽ വഴി ഹെറോയിൻ കടത്തിയ ശേഷം ഇവർ ഓരോരുത്തരും വ്യത്യസ്ത സമയത്ത് വെവ്വേറെയാണ് ദുബായ് വിമാനത്താവളം വഴി എത്തിയത്. മൂവരും ഒരുമിച്ച് താമസിക്കാതെ, വെവ്വേറയാണ് ദുബായിൽ താമസിച്ചത്. സംഘടിത മയക്കമരുന്നുകടത്തിലെ ഇവരുടെ വൈദഗ്ധ്യമാണ് ഇത് തെളിയിക്കുന്നതെന്ന് അബ്ദുള്ള ഖലീഫ അൽ മാരി പറഞ്ഞു.

ഹട്ട അതിർത്തി വഴി കടന്നെത്തിയ യൂറോപ്യൻ സ്വദേശിയുടെ പക്കൽ അനധികൃത സാധനങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇയാൾ ഹെറോയിൻ വിൽപനക്കാരനുമായി ബന്ധപ്പെട്ടത് പൊലീസ് കണ്ടെത്തി.വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് മയക്ക് മരുന്ന് വാങ്ങാനെത്തിയവർ എന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ട് വല വിരിക്കുകയായിരുന്നു.