ദുബൈ : ദുബൈ പൊലീസ് നല്കുന്ന വിവിധ സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്താൻ നീക്കം. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

വാഹനാപകടം നടന്നാൽ അപകടസ്ഥലം പരിശോധിക്കുന്നതിനും വിവിധ തരത്തിലുള്ള സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും വിതരണം ചെയ്യുന്നതിനും പൊലീസ് ഫീസ് ഈടാക്കും.

അപകടത്തിൽ ഉൾപ്പെട്ട കാർ, ബൈക്ക് അടക്കമുള്ള വാഹനങ്ങൾ എടുത്തുമാറ്റൽ, വാഹനങ്ങളും ക്രെയിനുകളും കണ്ടെയ്നറുകളും മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ തുടങ്ങിയ സേവനങ്ങൾക്കും നിശ്ചിത ഫീസ് ഈടാക്കാനാണ് തീരുമാനം.

ഉപഭോക്താക്കൾക്ക് പൊലീസിന്റെ കൂടുതൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഏതൊക്കെ സേവനങ്ങൾക്കാണ് ഫീസ് ഈടാക്കാനാകുക എന്നതിനെക്കുറിച്ചുള്ള വിശദമായ പട്ടികയും ഇത് സംബന്ധിച്ച പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പുതിയ പ്രമേയം പ്രാബല്യത്തിൽ വരും.