വിദേശത്ത് തൊഴിൽതട്ടിപ്പിനിരയാകുന്ന മലയാളികളടക്കമുള്ള സ്ത്രീകൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ജോലി തേടി വരുമ്പോൾ തൊഴിൽ വാഗ്ദാനം നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് ദുബായ് പൊലീസ് മനുഷ്യക്കടത്ത് അന്വേഷണ വിഭാഗം നിർദ്ദേശിക്കുന്നു.

കൃത്യമായ കരാർ ഇല്ലാത്ത ജോലി വാഗ്ദാനങ്ങളെ വിശ്വസിക്കരുതെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു. മനുഷ്യക്കടത്തും, പെൺവാണിഭവും തടയാനുള്ള നടപടികളുടെ ഭാഗമായാണ് ദുബൈ പൊലീസിന്റെ കർശനമായ മുന്നറിയിപ്പ്.

തൊഴിൽകരാറിൽ പറയാത്ത ജോലി യുഎഇയിലെത്തിയാൽ ലഭിക്കുമെന്ന വാഗ്ദാനത്തിലും കുടുങ്ങരുത്. അംഗീകാരമുള്ള കമ്പനികളുമായി മാത്രമേ തൊഴിൽ ഇടപാടുകൾ പാടുള്ളു. മനുഷ്യക്കടത്ത് സംബന്ധിച്ച ബോധവൽകരണത്തിന്റെ ഭാഗമായി ഇത്തരം കേസുകൾ പൊലിസ് മാ
ധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് 8007283 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ പൊലീസിന്റെ സഹായം തേടാം. യുഎഇയിൽ ജോലിക്കായി ശ്രമിക്കുന്ന യുവതികൾ ഈ ഹോട്ട്‌ലൈൻ നമ്പർ പ്രത്യേകം രേഖപ്പെടുത്തി വെക്കണമെന്നും ദുബൈയിലെത്തിയ ശേഷം തട്ടിപ്പിനിരയായാൽ ഇതിൽ ബന്ധപ്പെടണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.