ദുബായ്: പുതുവത്സരത്തെ വരവേൽക്കാൻ കാത്തുനിന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണു ദുബായിൽ അഡ്രസ് ഡൗൺ ടൗൺ ഹോട്ടലിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പകച്ചു നിൽക്കാതെ തന്റെ ആഘോഷപരിപാടികൾ മാറ്റിവച്ചു രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദുബായ് രാജകുമാരനു കൈയടിയേകുകയാണു സൈബർ ലോകം.

തീയണയ്ക്കാനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ വേഷത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ദുബായ് രാജകുമാരൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദിന്റെ ചിത്രം സൈബർ ലോകത്തു വൈറലാകുകയാണ്.

സാധാരണ ഗതിയിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സമൂഹത്തിലെ ഉന്നതരെ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റുകയാണു പതിവ്. സുരക്ഷാ ഉദ്യോഗസ്ഥർ അതിന് തന്നെ ആയിരിക്കും മുൻഗണന നൽകുക. എന്നാൽ കഴിഞ്ഞ ദിവസം ദുബായിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ദുബായ് രാജാവും യുഎഇ പ്രധാനമന്ത്രിയും ആയ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ മകൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് അപകടവിവരം അറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അഗ്‌നി ശമന സേനാംഗങ്ങൾക്കൊപ്പം തീ കെടുത്താനും അദ്ദേഹം ഇറങ്ങി.

തന്റെ ന്യൂ ഇയർ ആഘോഷങ്ങൾ മാറ്റിവച്ചാണ് രാജകുമാരൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. കോളമിസ്റ്റ് ആയ സുൽത്താൻ അൽ ഖാസിമി ആണ് ദുബായ് രാജകുമാരൻ അഗ്‌നിശമന സേനാംഗങ്ങൾക്കൊപ്പം തീകെടുത്താൻ ഇറങ്ങിയതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. ദുബായ് സിവിൽ ഡിഫൻസ് ഓഫീസർമാരുടെ വേഷത്തിലാണ് രാജകുമാരനും എത്തിയത്. വിവിധ മാദ്ധ്യമങ്ങൾ ചിത്രം വാർത്തയാക്കുകയും ചെയ്തു.

വലിയൊരു ദുരന്തം മുന്നിൽ കണ്ട് ഏവരും പകച്ചു നിന്നപ്പോഴാണു സുരക്ഷാ സേനയ്‌ക്കൊപ്പം രാജകുമാരനും രംഗത്തിറങ്ങിയത്. അപകടത്തിൽ ഇരുപതോളം പേർക്കു പരിക്കേറ്റിരുന്നു. ഹൃദയാഘാതം മൂലം ഒരാൾ മരിക്കുകയും ചെയ്തിരുന്നു.