ദുബായ്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥിയെ ശാസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു കായംകുളം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സെൽഫിയെടുക്കാൻ വന്ന വിദ്യാർത്ഥിയോട് പിണറായിയുടെ പെട്ടെന്നുള്ള പ്രകോപനം. ഇതിനെ തുടർന്ന് ശക്തമായ വാദ-പ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.സമാന സാഹചര്യത്തിൽ, മറ്റൊരുരാജ്യത്തെ മറ്റൊരു ഭരണാധികാരി എങ്ങനെയാണ് പെരുമാറുന്നതെന്നും തുറന്നുകാട്ടുന്നതും സോഷ്യൽ മീഡിയ തന്നെ.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭിന്നശേഷിയുള്ള കുട്ടിക്കൊപ്പം സെൽഫിയെടുക്കാൻ വേണ്ടി വിനീതനായി നിലത്തിരിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. ചലച്ചിത്രതാരം മജീദാണ് ഈ ചിത്രം ഷെയർ ചെയ്തത്.

വീൽ ചെയറിൽ ഇരിക്കുന്ന ഒരു ബാലന് സെൽഫി എടുക്കുവാൻ വേണ്ടി ദുബായ് ഭരണാധികാരി മുട്ട് കുത്തിയിരിക്കുന്നു. നമ്മുടെ ഏമാന്മാർ കാണട്ടെ-മജീദ് തന്റെ ഫേസ്‌ബുക്ക് പോസ്‌ററിൽ കുറിക്കുന്നു.

ആലപ്പുഴയിൽ, കോടിയേരി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സെൽഫിയെടുക്കാനായി വിദ്യാർത്ഥി ഓടിയെത്തിയത്. തന്റെ കൈയിൽ പിടിച്ച വിദ്യാർത്ഥിയോട് ക്ഷുഭിതനായ മുഖ്യമന്ത്രി കൈ തട്ടിമാറ്റി.

മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പ്രതികരണത്തിൽ ഒപ്പമുണ്ടായിരുന്ന നേതാക്കളും വിദ്യാർത്ഥിയും അമ്പരന്നു. പിന്നാലെ മുഖ്യമന്ത്രി തന്നെ വിദ്യാർത്ഥിയോട് ഊഷ്മള സൗഹൃദം കാട്ടി. വിദ്യാർത്ഥിയോട് ഫോൺ ആരുടെയെങ്കിലും കൈയിൽ കൊടുത്ത് ഫോട്ടോ എടുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എല്ലാം കഴിഞ്ഞ് നിറഞ്ഞ ചിരിയും സമ്മാനിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.