ദുബായ്: ശരീരഭാരം കുറച്ച് സ്വർണം നേടാൻ ദുൂായ് മുനിസിപ്പാലിറ്റി ഒരുക്കിയ മത്സരത്തിൽ വിജയിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരന്നെ് റിപ്പോർട്ട്. 2014 ജൂലായിൽ ആരംഭിച്ച മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യക്കാർ മുൻപന്തിയിലെത്തിയത്. യുവർ ചൈൽഡ് ഇൻ ഗോൾഡ്' മത്സരത്തിന്റെ സമ്മാനദാനം 15ന് നടക്കും.

കുടുംബത്തോടൊപ്പവും വ്യക്തിഗതമായും പങ്കെടുക്കാമെന്നതായിരുന്നു കഴിഞ്ഞ വർഷത്തെ മത്സരത്തിന്റെ സവിശേഷത. 28,000 പേർ പങ്കെടുത്ത മത്സരത്തിൽ 5,616 ഇന്ത്യക്കാർ വിജയികളായി. 1,423 ഫിലിപ്പീനികളും 387 പാക്കിസ്ഥാനികളും ശരീരഭാരം കുറച്ച് സ്വർണ സമ്മാനത്തിന് അർഹരായി. സ്വദേശികളായ 146 പേരും വിജയികളായിട്ടുണ്ട്. 13 വയസ്സിന് മീതെ പ്രായമുള്ള ഇരുനൂറിൽപ്പരം കുട്ടികളും സമ്മാനത്തിന് അർഹമായിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. മൊത്തം വിജയികൾക്കായി 60 ലക്ഷം ദിർഹം വില വരുന്ന 40 കിലോ
സ്വർണ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്.

15ന് ഉച്ചയ്ക്ക് 12 മുതൽ സബീൽ പാർക്കിലാണ് സമ്മാനവിതരണം നടക്കുകയെന്ന് അസി. ഡയറക്ടർ ജനറൽ ഖാലിദ് അലി ബിൻ സായിദ് അറിയിച്ചു. ഇതുസംബന്ധിച്ച് മത്സരാർഥികളെ ഇമെയിൽ വഴി വിവരം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ട് കിലോയ്ക്ക് മീതെ തൂക്കം കുറയ്ക്കുന്ന ഓരോരുത്തരും സമ്മാനത്തിന് അർഹരായിരിക്കും. കുടുംബത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും കുറയുന്ന ഓരോ കിലോയ്ക്കും രണ്ട് ഗ്രാം വീതമെന്ന തോതിൽ സ്വർണനാണയങ്ങൾ ലഭിക്കും. വ്യക്തിഗത മത്സരാർഥികൾക്ക് ഓരോ കിലോയ്ക്കും ഒരു ഗ്രാം വീതമാണ് ലഭിക്കുക.