ദുബായ്: പുണ്യമാസമായ വിശുദ്ധ റംസാനെ വരവേല്ക്കാനൊരുങ്ങുകയാണ് ദുബൈ. റമ്ദാന്റെ ഭാഗമായി സ്‌കൂളുകൾക്കും തൊഴിൽ സമയത്തിനും മാറ്റം വരുത്തിയിട്ടുണ്ട്.

സ്‌കൂൾ സമയത്ത് മാറ്റം വരുത്തിക്കൊണ്ട് ദുബായിലെ സ്‌കൂളുകൾ അറിയിപ്പ് നൽകി. ഇതുm സംബന്ധിച്ചുള്ള അറിയിപ്പ് പല സ്‌കൂളുകളും മാതാപിതാക്കൾക്ക് നൽകിക്കഴിഞ്ഞു. റംസാൻ വ്രതം ആരംഭിക്കുന്നത് 2015 ജൂൺ 18 വ്യാഴാഴ്ചയാണ്. ഈ ദിവസം മുതൽ സ്‌കൂളിന്റെ പ്രവർത്തന സമയം രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ്. സ്‌കൂളിലെ ഓരോ പരിപാടികളും കലണ്ടറിൽ വ്യക്തമാക്കിയത് പോലെയാവും നടക്കുക എന്നാണ് എമിറേറ്റ്‌സ് ഇന്റർനാഷണൽ സ്‌കൂൾ മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യത്യസ്തമായ സമയക്രമമാണ് നൽകിയിരിക്കുന്നത്.

കിങ്‌സ് ദുബായ് സ്‌കൂളിന്റെ പ്രവർത്തന സമയം രാവിലെ 7.45 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ്. അതേസമയം ഇവരുടെ അൽ ബർഷ ശാഖയുടെ പ്രവർത്തന സമയം രാവിലെ 8.15 മുതൽ ഉച്ചയ്ക്ക് 12.45 വരെയുമാണ്. ഇതേസ്‌കൂളിൽ പ്രൈമറിക്ക് രാവിലെ 8.15 മുതൽ ഉച്ചയ്ക്ക് 1.00 വരെയാണ് പ്രവർത്തനസമയം. സെക്കൻഡറിയിൽ രാവിലെ 8.15 മുതൽ ഉച്ചയ്ക്ക് 01.15 വരെയുമാണ് പ്രവർത്തന സമയം.കിങ്‌സ് നാദ് അൽ ഷേബ സ്‌കൂളിൽ ഫൗണ്ടേഷൻ സ്റ്റേജിന്റെ പ്രവർത്തന സമയം രാവിലെ 8.15 മുതൽ 12.45 വരെയുമാണ്. പ്രൈമറി സ്‌കൂളുകൾക്ക് 8.15 മുതൽ 1.00 വരെയാണ് പ്രവർത്തന സമയം.

ജെംസ് വെല്ലിങ്ടൺ ഇന്റർനാഷണൽ സ്‌കൂൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് റംസാനിലെ പ്രവർത്തന സമയം. അതേസമയം ചില സ്‌കൂളുകൾ പ്രവർത്തന സമയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

റംസാൻ മാസത്തിൽ യുഎഇയിൽ പ്രവർത്തന സമയം വ്യത്യസ്തമാണ്. സാധാരണ തൊഴിൽ സമയങ്ങളിൽ നിന്നും രണ്ടു മണിക്കൂർ കുറച്ചാണ് ജോലി ചെയ്യേണ്ട സമയം. സാധാരണ എട്ട് മണിക്കൂർ വേണ്ട പ്രവർത്തന സമയത്തിന് റംസാൻ മാസങ്ങളിൽ ആറു മണിക്കൂറാണ് പ്രവർത്തന സമയം. യുഎഇയിലെ എല്ലാ കമ്പനികളിലും ഈ പ്രവർത്തന സമയം ബാധകമാണ്. നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണ്.