ദുബൈ: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക തിരിച്ചടി നല്കി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർദ്ദനയ്ക്ക് അനുമതി നല്കി. രക്ഷിതാക്കൾക്ക് തിരിച്ചടിയായി 2016 17 അധ്യയന വർഷത്തിൽ ഫീസ് വർധനവ് ഉറപ്പാക്കി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി (കെ.എച്ച്.ഡി.എ) ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകി. സ്‌കൂളുകളിൽ പരിശോധന നടത്തി നൽകിയ റേറ്റിങിന്റെയും വിദ്യാഭ്യാസ ചെലവ് സൂചികയുടെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വർധിക്കുക.

3.21 മുതൽ 6.42 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ സ്‌കൂളുകൾക്ക് അനുവാദമുണ്ട്. എണ്ണ വില തകർച്ചയെ തുടർന്ന് ജീവിത ചെലവ് കൂടിവരുന്നതിനിടെ സ്‌കൂൾ ഫീസ് ഇനിയും വർധിക്കുന്നത് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയാകും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സ്‌കൂളുകളിൽ നടത്തുന്ന പരിശോധനക്ക് ശേഷം അവയെ തരംതിരിക്കും. ഏറ്റവും മികച്ചത്, വളരെ മികച്ചത്, മികച്ചത്, തൃപ്തികരം, അസംതൃപ്തം എന്നിങ്ങനെയാണ് തരംതിരിക്കുക. ഏറ്റവും മികച്ചത് എന്ന നിലവാരം ലഭിക്കുന്ന സ്‌കൂളുകൾക്ക് 6.42 ശതമാനം വരെ ഫീസ് വർധിപ്പിക്കാം.

വളരെ മികച്ചവക്ക് 5.62 ശതമാനവും മികച്ചവക്ക് 4.82 ശതമാനവും തൃപ്തികരം, അസംതൃപ്തം എന്നിവക്ക് 3.21 ശതമാനവും ഫീസ് കൂട്ടാൻ അനുമതിയുണ്ടാകും. ഇപ്പോഴത്തെ വിദ്യാഭ്യാസ ചെലവ് സൂചിക അടുത്ത അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും പ്രാബല്യത്തിലുണ്ടാവുക. സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയരാൻ ഫീസ് വർധന ഉപകരിക്കുമെന്ന് കെ.എച്ച്.ഡി.എ റെഗുലേഷൻസ് ആൻഡ് പെർമിറ്റ്‌സ് കമീഷൻ മേധാവി മുഹമ്മദ് ദർവീശ് പറഞ്ഞു. സ്‌കൂളുകൾ തോന്നിയ പോലെ ഫീസ് വർധിപ്പിക്കുന്നത് തടയാൻ ഇതിലൂടെ കഴിയും.