കാഴ്‌ച്ചകളുടെ ഉത്സവത്തിന് നാളെ തുടക്കമാകും. ഫെസ്റ്റിന്റെ ഇരുപതാം വാർഷികമായ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരവ്യാപാരമേഖലയുടെ പ്രധാന കേന്ദ്രമായ ദുബൈയുടെ വാർഷികോത്സവമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ. മേള ഇരുപത് വർഷം പിന്നിടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും ആകർഷകവുമായ മേളയായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ മാറി.

ജനുവരി ഒന്നിനാരംഭിക്കുന്ന ഇരുപതാമത് ഡിഎസ് എഫിന് വിപുലമായ ഒരുക്കങ്ങളാണ് ദുബൈ നടത്തിയത്. കേരളമുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സന്ദർശകർ ഡിഎസ്എഫ് ലക്ഷ്യമാക്കി ദുബൈയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ കലാരൂപങ്ങളെ അണിനിരത്തിയുള്ള പ്രത്യേക പരിപാടികളും ഷോപ്പിങ് മാളുകൾ, കടൽ തീരങ്ങൾ, മാർക്കറ്റുകൾ എന്നിവയെ മേളയുടെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്.

മുപ്പത്തിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ 150ലേറെ പരിപാടികൾക്ക് പുറമെ നിരവധി സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ ഫെബ്രുവരി ഒന്ന് വരെയുള്ള ഡിഎസ് എഫ് പ്രായഭേദമന്യേയുള്ളവർക്ക് ആഘോഷങ്ങളുടെ യാത്രയായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.