ദുബായ്: അടുത്ത അധ്യായന വർഷം സ്‌കൂൾ സർവീസ് നടത്താൻ 111 അത്യാധുനിക ബസുകൾ തയാറായി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ)യുടെ ടാക്‌സി കോർപറേഷൻ എമിറേറ്റിലെ ഏഴു സ്‌കൂളുകളുമായി കരാർ ഒപ്പുവച്ചു. ഈ സ്‌കൂളുകൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള 111 ബസുകളാണ് വിദ്യാർത്ഥികൾക്കായി നിരത്തിലിറക്കുന്നത്. ഏഴു സ്‌കൂളുകളിലെ 2500 കുട്ടികൾ ഇനി മുതൽ ഈ ഹൈ ടെക് ബസിൽ യാത്ര ചെയ്യുക.

ജർമൻ സ്‌കൂൾ, സെന്റ് മേരി, ദാർ അൽ മറീഫ, ദുബായ് മോഡേൺ എജുക്കേഷൻ, ഹാർട്ട്‌ലാൻഡ് ഇന്റർനാഷനൽ, അൽ ഇത്തിഹാദ് അൽ മംസാർ, അൽ ഇത്തിഹാദ് ജുമെറിയ എന്നീ സ്‌കൂളുകളാണ് ടാക്‌സി കോർപ്പറേഷനുമായി ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ആർ.ടി.എ. ആസ്ഥാനത്ത് നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ സ്‌കൂൾ മേധാവികളും ആർ.ടി.എ. യുടെയും ദുബായ് ടാക്‌സി കോർപ്പറേഷന്റെയും പ്രമുഖ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ആർടിഎ സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസുമായി സഹകരിക്കാൻ തയാറായി 35 സ്‌കൂളുകൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും തുടക്കമെന്ന നിലയിലാണ് ഏഴു സ്‌കൂളുകളുമായി കരാറിലായിരിക്കുന്നതെന്നും ദുബായ് ടാക്‌സി കോർപറേഷൻ സിഇഒ അഹമ്മദ് അൽ സുവൈദി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ അത്യാധുനിക സജ്ജീകരണങ്ങളാണ് ബസിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അപകടമുണ്ടായാൽ കുട്ടികൾക്ക് പരിക്കേൽക്കില്ല. സിസിടിവി അടക്കമുള്ള സ്മാർട്ട് സംവിധാനങ്ങളുമുണ്ട്.

കുട്ടികൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും രക്ഷിതാക്കൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. ബസുകളുടെ നീക്കം ജി.പി.എസ് സഹായത്തോടെ നിരീക്ഷിക്കാം. താൽപര്യമുള്ള സ്‌കൂളുകൾക്ക് ബസുകളിൽ വൈഫൈ സേവനവും ലഭ്യമാക്കും. ഹൈഡ്രോളിക് സസ്‌പെൻഷൻ സംവിധാനമാണ് ബസുകൾക്ക്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ ബസിൽ കയറ്റാൻ സാധിക്കുന്ന വിധത്തിൽ വാതിലുകൾ താഴ്‌ത്താൻ കഴിയും. ദുബൈ ടാക്‌സി കോർപറേഷന്റെ കൺട്രോൾ സെന്ററിൽ നിന്ന് ബസുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ബസുകൾ ഓടിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് സ്‌കൂൾ ബസുകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ആർ.ടി.എ അറിയിച്ചു.