ദുബായ്: ലോകത്തെ അത്ഭുതപ്പെടുത്തുന്ന നഗരങ്ങളുടെ കൂട്ടത്തിലാണ് ദുബായ് നഗരം. ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ ആശയും പ്രതീക്ഷയുമായ നഗരം. അറബ് ലോകത്ത് മറ്റ് രാജ്യങ്ങൾ ടൂറിസം രംഗത്തേക്ക് ചുവടു വെക്കും മുമ്പേ യുഎഇ ടൂറിസത്തിന്റെ സാധ്യതകൾ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ മണലാരണ്യത്തിൽ വൻ കൊട്ടാരങ്ങൾ തന്നെ യുഎഇ കെട്ടിപ്പൊക്കി. ഈ കൊട്ടാരങ്ങളിലൊക്കെ മലയാളികളുടെ വിയർപ്പുമുണ്ട്. എന്തായാലും ദുബായ് എന്ന സ്വപ്‌ന നഗരം കാണാനും അറിയാനുമായി എത്തുന്നവരുടെ കണക്കെടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയാണ്.

ടൂറിസ്റ്റ് എന്ന നിലയിൽ ദുബായ് കാണാൻ എത്തുന്നവരാണ് ഏറെയും. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടം സന്ദർശിക്കാൻ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നും എത്തുന്ന സഞ്ചാരികളാണ് ഇത്തവണയും മുന്നിലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യത്തെ മൂന്നു മാസം മാത്രം ഇന്ത്യയിൽ നിന്നും ആറു ലക്ഷത്തിൽ അധികം വിനോദ സഞ്ചാരികൾ ദുബായിൽ എത്തിയെന്നാണ് കണക്ക്. മുൻ വർഷത്തേക്കാൾ ആറു ശതമാനത്തിന്റെ വർധനവ്. 4.7 മില്യൺ രാജ്യാന്തര വിനോദ സഞ്ചാരികളെയാണ് 2018 ജനുവരിമാർച്ച് വരെ ദുബായിൽ എത്തിയതെന്ന് ദുബായ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് (ദുബായ് ടൂറിസം) അറിയിച്ചു.

ഇന്ത്യയിൽ നിന്ന് ആദ്യ മൂന്നു മാസത്തിനുള്ളിൽ 617,000 സഞ്ചാരികൾ ദുബായ് കാണാനെത്തി. സൗദി അറേബ്യയാണ് വിനോദ സഞ്ചാരികളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ടൂറിസം രംഗത്ത് സൗദി കൂടുതൽ പരിഷ്‌ക്കാര നടപടികളുമായി മുന്നോട്ടു പോകുന്നതോടെ അവിടെ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. എട്ടു ശതമാനം സഞ്ചാരികളുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും യുകെയാണ് വിനോദ സഞ്ചാര രംഗത്ത് സജീവമായിരിക്കുന്നത്.

നാലാം സ്ഥാനത്ത് എത്തിയ റഷ്യ മുൻവർഷത്തേക്കാൾ 106 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാക്കിയത്. 259,000 വിനോദ സഞ്ചാരികൾ ആണ് റഷ്യയിൽ നിന്നും എത്തിയത്. റഷ്യൻ പൗരന്മാർക്ക് കഴിഞ്ഞ വർഷം മുതൽ അനുവദിച്ച വീസ ഓൺ അറൈവൽ സൗകര്യം സഞ്ചാരികൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചൈനയാണ് അഞ്ചാം സ്ഥാനത്തുള്ളത്. വീസ ഓൺ അറൈവൽ സൗകര്യം ചൈനീസ് പൗരന്മാർക്കും അനുവദിച്ചിരുന്നു. ഇതിന്റെ ഫലമെന്നോണം 12 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി 258,000 വിനോദ സഞ്ചാരികളാണ് ചൈനയിൽ നിന്നും ദുബായിൽ ആദ്യ മൂന്നു മാസത്തിനുള്ളിൽ എത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും ദുബായിയുടെ ടൂറിസം ഭൂപടത്തിൽ വലിയ സംഭാവനയാണ് നൽകിയത്. ജർമ്മനി 194,000 വിനോദ സഞ്ചാരികളെയും ഫ്രാൻസ് 17 ശതമാനത്തിന്റെ വർധനവോടെ 103,000 സഞ്ചാരികളെയും ദുബായിൽ എത്തിച്ചു. 14ാം സ്ഥാനത്തുള്ള ഇറ്റലിയിൽ നിന്നും 80,000 സഞ്ചാരികൾ ആണ് എത്തിയത്. 20 ശതമാനത്തിന്റെ വർധനവ്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).