ദുബായ് : റോഡിൽ വരി തെറ്റി്ച്ച് പായുന്ന വാഹനങ്ങളെ പിടികൂടാൻ പുതിയ ക്യാമറയുമായി ദുബായ് പൊലീസ് രംഗത്ത്. ക്യൂ പാലിക്കാതെ വരി തെറ്റിച്ച് മറ്റു വാഹനങ്ങൾക്ക് മുൻപിൽ കയറുന്ന വാഹനങ്ങളെ പിടികൂടാനാണ് പുതിയ ക്യാമറ സ്ഥാപിക്കുന്നത്.

1,000 മീറ്റർ അകലെ നിന്നു വരെ വരി തെറ്റിക്കുന്ന വാഹനങ്ങളെ പിടികൂടാൻ ഈ സംവിധാനത്തിലൂടെ സാധ്യമാകും. വാഹനത്തിന്റെ ചലനമനുസരിച്ച് വരി തെറ്റിക്കുന്നതിനു മുൻപ് തന്നെ അത് കണ്ടെത്താനാകുമെന്നാണ് അധികൃതർ പറയുന്നത്.

ദുബായ് റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള മറ്റു ക്യാമറകൾ പോലെ തന്നെ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം പകർത്തുകയും, നിയമലംഘനം സംബന്ധിച്ച റിപ്പോർട്ട് അധികൃതർക്ക് കൈമാറുകയും ചെയ്യും. ഇത് അധികൃതർ പരിശോധിച്ച ശേഷമായിരിക്കും പിഴ തീരുമാനിക്കുക.

പുതിയ സംവിധനത്തിലൂടെ ഒരാഴ്ച കൊണ്ട് 3,000ത്തോളം ലംഘനങ്ങൾ പിടികൂടിക്കഴിഞ്ഞു.വരി തെറ്റിക്കുന്നവർക്ക് 200 ദിർഹം പിഴയും, രണ്ട് ബ്ലാക്ക് പോയിന്റും വീതം നൽകും.ദുബായിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിൽ റഡാറുകൾ സ്ഥാപിച്ചതായും ദുബായ് പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ അറിയിച്ചു. ജംഗ്ഷനുകൾ, തിരിവുകൾ, എക്സിറ്റുകൾ തുടങ്ങിയ
പ്രദേശങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.