മൊബൈൽ ഫോണിൽ സംസാരിച്ചും സീറ്റ് ബെൽറ്റ് ഇടാതെയും വാഹനമോടിക്കുന്നവരെ പിടികൂടാൻ പുതിയ ട്രാഫിക് നിരീക്ഷണ ക്യാമറകളുമായി ദുബായ് പൊലീസ് നിരത്തിലിറങ്ങുന്നു. പുതിയ അഡ്വാൻസ്ഡ് ക്യാമറകളുമായാണ് പൊലീസിന്റെ വരവ്. കഴിഞ്ഞ കാലയളവിൽ ഗതാഗത നിയമങ്ങളുടെ ലംഘിനും വാഹനാപകടങ്ങളുടെ എണ്ണവും വർധിച്ച സാഹചര്യത്തിലാണ് ക്യാമറകളുമായി ദുബായ് പൊലീസ് രംഗത്തെത്തിയിട്ടുള്ളത്.

സീറ്റ് ബെൽറ്റിടാതെയുള്ള യാത്രയും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നവരേയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പുതിയ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം 51,891 പേരാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. അമിത വേഗതയിൽ വാഹനമോടിച്ചവരും, സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തവരും മൊബൈൽ ഫോൺ നിയമ ലംഘനങ്ങൾ നടത്തിയവരുമാണ് പിടിയിലായവരിൽ ഏറെയും. കൂടാതെ അനധികൃത ഓവർടേക്കിങ്, ഹാർഡ് ഷോൾഡറിലെ ഡ്രൈവിങ്, രജിസ്‌റ്റേർഡ് നമ്പർ പ്ലേറ്റില്ലാതെ വാഹനവുമായി റോഡിലിറങ്ങിയവരും പിടിയിലായവരിൽ ഉണ്ട്.

അൽ ബുർജ് എന്ന പേരിട്ട ഈ പുതിയ ക്യാമറകൾ ഇരുഭാഗത്തുനിന്നും വരുന്ന എല്ലാത്തരം നിയമലംഘകരേയും ഡിറ്റക്ട് ചെയ്യും. എന്നാൽ അമിത വേഗതയുള്ളവരെ മാത്രം പിടികൂടാനാണ് ഈ ക്യാമറകൾ എന്നാണ് ഡ്രൈവർമാരുടെ ധാരണ.