ദുബായ്: ദുബായിലെ ആദ്യ ട്രാം സർവീസ് ബുധനാഴ്ച ആരംഭിക്കും. നാളെ ഔദ്യോഗിക ഉദ്ഘാടനം. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ പിറ്റേന്ന് പുലർച്ചെ 1.30 വരെയാണ് ട്രാം സർവീസ്. വെള്ളിയാഴ്ച മാത്രം സർവീസ് രാവിലെ 9.30ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 1.30 ന് അവസാനിക്കും.

ട്രാം സർവീസ് വരുന്നതോടെ ദുബായിലെ യാത്രാ ദുരിതത്തിന് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) റെയിൽ ഏജൻസി സിഇഒ അബ്ദുള്ള യൂസഫ് അൽ അലി പറഞ്ഞു. മെട്രോ, പബ്ലിക് ബസുകൾ തുടങ്ങിയവയിൽ നിലവിൽ അനുഭവപ്പെടുന്ന തിരക്കിന് ഒരു പരിധി വരെ ശമനം വരും. ജോലിക്കാരുടെ സൗകര്യത്തിനനുസരിച്ചാണ് ട്രാം സർവീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നതെന്നും ജനസാന്ദ്രത ഏറെയുള്ള സ്ഥലങ്ങളിൽ പൊതുജനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നതെന്നും അബ്ദുള്ള യൂസഫ് വ്യക്തമാക്കി. എമിറേറ്റിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാനും ട്രാം സർവീസ് മൂലം കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്ദുള്ള യൂസഫ് വെളിപ്പെടുത്തി.

തിരക്കേറിയ സമയങ്ങളിൽ പതിനൊന്ന് സ്റ്റേഷനുകളിലായി പത്തു മിനിട്ട് ഇടവേളകളിലാണ് ദുബായ് ട്രാം സർവീസ് ലഭ്യമാകുക. തിരക്കില്ലാത്ത സമയങ്ങളിൽ 12 മിനിട്ടിന്റെ ഇടവേളകളിലാണ് സർവീസ് ഉണ്ടാകുക. ഏഴ് കാരിയേജുകളിലായി മൊത്തം 405 യാത്രക്കാരെ വഹിക്കാനുള്ള ശേഷി ട്രാമിനുണ്ട്. ഗോൾഡ്, വിമൻ, ചിൽഡ്രൻ, സിൽവർ കാബിനുകളായാണ് ഇവയെ തിരിച്ചിരിക്കുന്നത്. ജെബിആർ 1, ജെബിആർ 2, ജെഎൽടി, ദുബായ് മറീന മാൾ, ദുബാൾ മറീന, മറീന ടവേഴ്‌സ്, മിനാ സിയാഹി, ദുബായ് മീഡിയ സിറ്റി, ദ പാം ജുമൈറ, നോളജ് വില്ലേജ്, സഫൗ എന്നിവിടങ്ങളിലാണ് ട്രാം സ്റ്റേഷനുകളുള്ളത്.

ട്രാമുകളിൽ നിരക്ക് ഈടാക്കുന്നത് എൻഒഐ കാർഡുകൾ മുഖാന്തിരം മാത്രമായിരിക്കും. മൂന്നു കിലോമീറ്ററിൽ കൂടുതലല്ലാത്ത ഒന്നോ രണ്ടോ സോണുകൾ യാത്ര ചെയ്യാൻ മൂന്നു ദിർഹവും രണ്ടു സോണുകളിൽ കൂടുതൽ യാത്ര ചെയ്യാൻ അഞ്ചു ദിർഹവും മൊത്തം സോൺ യാത്ര ചെയ്യാൻ 7.5 ദിർഹവുമാണ് നിരക്ക്. ഈ നിരക്കുകൾ ഒരു വശത്തേക്കുള്ള യാത്രയ്ക്കു മാത്രമാണ്.