ദുബായ്: വാർഷിക സുരക്ഷാ ടെസ്റ്റും അറ്റകുറ്റപ്പണികളുമില്ലാതെ നിയമം ലംഘിച്ച് നിരത്തിലോടുന്ന വാഹനങ്ങളെ നീക്കം ചെയ്യാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി തയ്യാറെടുക്കുന്നു. ഇതിനു മുന്നോടിയായി മൂന്നു വർഷം മുമ്പ് രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങൾ യൂണിഫൈഡ് ട്രാഫിക് സിസ്റ്റത്തിൽ നിന്നു മാറ്റാനാണ് ആർടിഎ നീക്കം.

ഇതുസംബന്ധിച്ച നടപടികൾക്ക് ജൂലൈയിൽ തുടക്കമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഗുണമേന്മ, സുരക്ഷ എന്നിവ സംബന്ധിച്ച് വിശദമായ പരിശോധനയ്ക്കു ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് ആർടിഎ വ്യക്തമാക്കിയിട്ടുണ്ട്. റജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ സംവിധാനത്തിൽനിന്നു മാറ്റുന്നതുവഴി അവയ്ക്കു നിരത്തിലിറങ്ങാനുള്ള അനുമതിയില്ലാതാകും. റോഡ് സുരക്ഷയും പൊതുസുരക്ഷയുമാണു നിയമം പ്രാബല്യത്തിലാക്കുന്നതുവഴി ആർടിഎ ലക്ഷ്യമിടുന്നത്.

മൂന്നുവർഷമോ, മുൻപോ റജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങളെ ട്രാഫിക് സംവിധാനത്തിൽനിന്നു നീക്കുന്ന നടപടി ജൂലൈ തുടക്കത്തിൽ ആരംഭിക്കും. അതുവരെയുള്ള സമയം, വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കാനും റജിസ്‌ട്രേഷൻ പുതുക്കാനും ഉടമകൾക്കു നൽകുന്ന അധികസമയമാണെന്ന് അധികൃതർ അറിയിച്ചു.