ഡബ്ലിൻ: ആധ്യാത്മിക നിറവിൽ കലയും നൃത്തവും സുവിശേഷ പൊന്മഴയായി പെയ്തിറങ്ങിയ വർണാഭമായ സായാഹ്നത്തിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹത്തിന്റെ മൂന്നാമത് ബൈബിൾ കലോത്സവത്തിനു സമാപനം.

ലോകത്തിലെങ്ങും ക്രിസ്തുവിനു സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്തനൃത്യങ്ങളും നർമവും നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനിലെ ലൂക്കൻ, താല, ബ്ലാക്ക്‌റോക്ക് സെന്റ് വിൻസന്റ്‌സ്, ബ്ലാഞ്ചസ്ടൗൺ, സ്വോർഡ്‌സ്, ഫിസ്ബറോ, ബൂമൗണ്ട്, ഇഞ്ചിക്കോർ, ബ്രേ എന്നീ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നായെത്തിയ നൂറുകണക്കിനു അത്മായ പ്രവർത്തകർ ബൂമൗണ്ടിലെ ആർട്ടൈൻ ഹാളിനെ അക്ഷരാർഥത്തിൽ കലയുടെ കനക ചിലങ്കയണിയിച്ചു.

കൊച്ചു കുട്ടികൾ മുതൽ പ്രായഭേദമന്യേ എല്ലാ ടീമുകളും അവതരിപ്പിച്ച കലാ പരിപാടികൾ വിശ്വാസദീപ്തമായിരുന്നു. തങ്ങൾ ലോകത്തെവിടെയായിരുന്നാലും കേരള സഭ പകർന്നു തന്ന വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന തീഷ്ണമായ പ്രതിജ്ഞയുടെ പ്രഖ്യാപനം കൂടിയായി കലാ പ്രകടനങ്ങൾ.



സമ്മേളനം ഇന്ത്യൻ അംബാസഡർ രാധിക ലാൽ ലോകേഷ് ഭദ്രദീപം തെളിച്ച് ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സഭ നാഷണൽ കോഓർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീറോ മലബാർ സഭാ ചാപ്ലെയിൻസ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, ഫാ. ജരാർദ് ഡീഗൻ, ടോണി തോമസ് (ബൂമോണ്ട്), ജോൺ സൈജോ (ഫിബ്‌സ്ബറോ), ആതിര ടോമി (ബൂമോണ്ട്) എന്നിവർ ആശംസകൾ നേർന്നു. സഭാ ട്രസ്റ്റി സെക്രട്ടറി മാർട്ടിൻ പുലിക്കുന്നേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാപ്ലെയിൻ ഫാ.ജോസ് ഭരണികുളങ്ങര സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ അഗസ്റ്റ്യൻ കുരുവിള നന്ദിയും പറഞ്ഞു.

ബൈബിൾ ക്വിസ് 2014 ൽ മൂന്നു വിഭാഗങ്ങളിലായി വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. ജൂണിയർ സെർട്ട്, ലീവിങ് സെർട്ട് എന്നിവയിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ വേദിയിൽ ആദരിച്ചു. വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിച്ച ദമ്പതിമാരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.  

വാർത്ത: കിസാൻ തോമസ് (പിആർഒ, സീറോ മലബാർ സഭ ഡബ്ലിൻ)