ഡബ്ലിൻ: അധികൃതർ ശമ്പള വർദ്ധനവ് എന്ന ആവശ്യം അംഗീകരിച്ചതിനെ ത്തുടർന്ന് ഡബ്ലിൻ ബസ് സമരം പൂർണ്ണമായും പിൻവലിച്ചു.മാനേജ്‌മെന്റുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബസ് സമരം ഒത്തുതീർപ്പിലായത്. പുതിയ വേതന വ്യവസ്ഥ ചർച്ച ചെയ്തിട്ടുണ്ട്. ഇത് യൂണിയൻ അംഗങ്ങൾക്ക് സ്വീകരിക്കാനാകുമോ എന്ന് എസ്‌ഐപിടിയുവും നാഷണൽ ബസ് ആന്‌റ് റെയിൽ യൂണിയനും അംഗങ്ങൾക്കിടയിൽ വോട്ടിനിട്ട് തീരുമാനിക്കും.

അടുത്ത മൂന്നു വർഷത്തിനിടെ ബസ് തൊഴിലാളികൾക്ക് 11.25% ശമ്പള വർദ്ധനവ് എന്ന ആവശ്യമാണ് അധികൃതർ അംഗീകരിച്ചത്. വർക്ക് പ്ലേസ് റിലേഷൻസ് കമ്മിഷനിൽ 30 മണിക്കൂറോളം നീണ്ട ചർച്ചയിലാണ് കാര്യങ്ങൾ തീരുമാനമായത്.ഓരോ വർഷവും 3.75% ശമ്പള വർദ്ധനവ് വീതം 3 വർഷത്തിനിടെ 11.25% ശമ്പളം വർദ്ധിപ്പിക്കും. 15% ശമ്പള വർദ്ധനവ് വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യമെങ്കിലും ചർച്ചയിൽ ഇരുപക്ഷവും 11.25% എന്ന കണക്ക് അംഗീകരിക്കുകയായിരുന്നു.

11 ദിവസത്തെ സമരപരിപാടികളായിരുന്നു അടുത്ത മാസം നടക്കേണ്ടിയിരുന്നത്. പുതിയ വ്യവസ്ഥകളായതോടെ ഇവ അംഗങ്ങൾ അംഗീകരിക്കുമോ എന്നറിഞ്ഞതിന് ശേഷം തുടർന്നുള്ള പരിപാടികൾ മതിയെന്നാണ് യൂണിയൻ തീരുമാനം. മുപ്പത് മണിക്കൂർ നീണ്ട ചർച്ചയിലെ തീരുമാനങ്ങൾ ഇനി യൂണിയൻ അംഗങ്ങളും അംഗീകരിക്കണം.