ഡബ്ലിൻ: ജീവനക്കാരുടെ വേതന വർധന ആവശ്യപ്പെട്ട് ഡബ്ലിൻ ബസ് വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സെപ്റ്റംബറിൽ മൂന്നു തവണയായി 48 മണിക്കൂർ സമരത്തിനാണ് ഡബ്ലിൻ ബസിലെ ഡ്രൈവർമാരുടെ യൂണിയൻ ആഹ്വാനം നൽകിയിരിക്കുന്നത്.

നാഷണൽ ബസ് ആൻഡ് റയിൽ യൂണിയൻ (എൻ ബി ആർ യു) ഉം സ്റ്റിപ്പും ചേർന്നാണ് സമരം സംബന്ധിച്ച നോട്ടീസ് സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കമ്പനിക്ക് വിതരണം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 8 വ്യാഴം-9 വെള്ളി, സെപ്റ്റംബർ 15 വ്യാഴം-16 വെള്ളി, സെപ്റ്റംബർ 23 വെള്ളി-24 ശനി എന്നീ ദിവസങ്ങളിലാണ് സമരം നടത്തുന്നത്. ഈ ദിവസങ്ങളിൽ ഡബ്ലിൻ ബസ് സർവീസ് പൂർണ്ണമായും നിശ്ചലമാകുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയുള്ള 15% ശമ്പള വർധനയാണ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയുള്ള 8.2% ശമ്പള വർധനയ്ക്കായിരുന്നു കഴിഞ്ഞ മാസം ഡബ്ലിൻ ലേബർ കോടതി നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഈ നിർദ്ദേശം തൊഴിലാളികൾ തള്ളുകയായിരുന്നു.