ഡബ്ലിൻ: സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കൊല്ലം,നിരണം,തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായിരുന്ന ചാത്തുരുത്തിയിൽ പരി. ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് കൊച്ച് തിരുമേനിയുടെ 112 മത് ഓർമ്മപ്പെരുന്നാൾ, പരിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

നവംബർ മാസം 1, 2 തീയതികളിലായാണ് പെരുന്നാൾ നടത്തപ്പെടുന്നത്. ഡബ്ലിൻ സിറ്റി സെന്ററിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭയുടെ മുവാറ്റുപുഴ മേഖലാ മെത്രാപ്പൊലീത്തായായ അഭി. മാത്യൂസ് മോർ അന്തീമോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

ശനിയാഴ്‌ച്ച വൈകുന്നേരം ദൈവാലയത്തിൽ വച്ച് സന്ധ്യാപ്രാർത്ഥന നടത്തപ്പെടുന്നു.ഞായറാഴ്‌ച്ച രാവിലെ 9.45 ന് പ്രഭാതപ്രാർത്ഥനയും,തുടർന്ന് അഭി തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബ്ബാനയും നടത്തപ്പെടുന്നതായിരിക്കും.

പെരുന്നാൾ ശുശ്രൂഷകൾ സമുചിതമായി ആചരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു