ഷിക്കാഗോ: ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി. ജൂൺ 28-നു ഞായറാഴ്ച 11 മണിക്കുള്ള ആഘോഷമായ ദിവ്യബലിക്കു ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ റവ.ഫാ. തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി റവ.ഫാ. റോയ് മൂലേച്ചാലിൽ, റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് (രൂപതാ ചാൻസിലൽ), റവ.ഫാ. ജോർജ് എന്നിവർ സഹകാർമികരായിരുന്നു. റവ.ഫാ. ആന്റണി തുണ്ടത്തിൽ കുർബാന മധ്യേ വചനസന്ദേശം നൽകുകയുണ്ടായി.

തുടർന്ന് നടന്ന കൊടിയേറ്റിനു കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. കേരളത്തിൽ നിന്നെത്തിയ ദൃശ്യമനോഹരമായ ദീപാലങ്കാരങ്ങൾ, പ്രശസ്ത വചനപ്രഘോഷകരുടെ പ്രസംഗങ്ങൾ, കേരളത്തിലെ ദേവാലയ പ്രദക്ഷിണങ്ങളെ വെല്ലുന്ന പ്രൗഡിയിൽ മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തപ്പെടുന്ന തിരുനാൾ പ്രദക്ഷിണം, പ്രശസ്ത കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ, വെടിക്കെട്ട് തുടങ്ങിയ വിവിധ ആഘോഷപരിപാടികളുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന കത്തീഡ്രൽ ദേവാലയത്തിലെ പ്രധാന തിരുനാളിനു ഇതോടെ തുടക്കമായി.



പ്രധാന തിരുനാൾ ദിവസങ്ങളിലെ കാര്യപരിപാടികൾ താഴെ കൊടുക്കുന്നു

ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.30-നുള്ള ആഘോഷ ദിവ്യബലിക്ക് രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കുന്നതും, കുർബാന മധ്യേ ബിജ്‌നോർ രൂപതാ മെത്രാൻ മാർ ഗ്രേഷ്യസ് മുണ്ടാടൻ വചനസന്ദേശം നൽകുന്നതുമാണ്. 7.30-ന് ആരംഭിക്കുന്ന 'സീറോ മലബാർ നൈറ്റിൽ' ഇടവകയിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് അരങ്ങേറുന്നതാണ്.

ജൂലൈ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 4.30-ന് ആരംഭിക്കുന്ന ദിവ്യബലിക്ക് രൂപതയുടെ മേലധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിക്കുന്നതാണ്. കുർബാന മധ്യേ രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് വചന സന്ദേശം നൽകുന്നതാണ്. തുടർന്ന് നടക്കുന്ന നൃത്ത-സംഗീത ദഹാസ്യമേളയായ 'കൃപാഞ്‌ലി 2015' തിരുനാളിന്റെ മുഖ്യ ആകർഷണമായിരിക്കും.

തിരുനാൾ ദിനമായ ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസ കുർബാനയ്ക്ക് രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികനായിരിക്കും. തുടർന്ന് ബെൽവുഡിലെ നഗരവീഥിയിലൂടെയുള്ള തിരുനാൾ പ്രദക്ഷിണം സീറോ മലബാർ വിശ്വാസികളുടെ സംസ്‌കാരത്തിന്റേയും പൈതൃകത്തിന്റേയും മഹിമ വിളിച്ചോതുന്നതായിരിക്കും.

മോർട്ടൻഗ്രോവ്, നൈൽസിലുള്ള സെന്റ് ബെർത്തലോമിയ വാർഡാണ് ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.

തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി അതിവിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. സെന്റ് ചാൾസ് റോഡിലുള്ള പെർഫെക്ട് മീൽ സിസ്റ്റത്തിന്റെ പാർക്കിങ് സൗകര്യവും അവിടെനിന്നുള്ള ഷട്ടിൽ സൗകര്യവും ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സിബി പാറേക്കാട്ട് (847 209 1142), പയസ് ഒറ്റപ്ലാക്കൽ (312 231 3345), പോൾ പുളിക്കൻ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാൻസീസ് (847 219 4897), മനീഷ് ജോസഫ് (847 387 9384). മോഹൻ സെബാസ്റ്റ്യൻ അറിയിച്ചതാണിത്.