ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ഫുജെറയിലെ കത്തോലിക്ക ദേവാലയത്തിൽ മലയാളം കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിത പ്രവർത്തനങ്ങളെയും, കേരളത്തിലെ വിശ്വാസ പാരമ്പര്യങ്ങളെയും വിശദമാക്കുന്ന 'സാന്തോം എക്‌സിബിഷൻ' ജൂൺ 30 മുതൽ ജൂലൈ 3 വരെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ടു.

ഇടവക വികാരി ഫാ. സഗായരാജ്, ആത്മീയ ഗുരു ഫാ. ജോയ് വാതല്ലൂർ, ഫാ. അരുൾ ശേഖർ, ഫാ. സുരേഷ്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് മെൽവിൻ വാസ്, മലയാളം കാത്‌ലിക് കമ്മ്യുണിറ്റ് കോർഡിനേറ്റർ ജോർജ് മീനത്തേക്കോണിൽ, മുൻ കോർഡിനേറ്റർമാരായ ജോണി കോച്ചേരി, സതീഷ് ബാബു, പ്രോഗ്രാം കോർഡിനേറ്റർ ഷിബു കുന്നക്കാട് എന്നിവർ നിലവിളക്കു തെളിയിച്ചുകൊണ്ട് എക്‌സിബിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.

അപ്പസ്‌തോലന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ, സ്ഥാപിച്ച പള്ളികൾ, ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ആചാരങ്ങൾ, കലാരൂപങ്ങൾ, നിലനിൽക്കുന്ന പാരമ്പര്യങ്ങൾ മുതലായവ വിശദമാക്കുന്ന പ്ലോട്ടുകളും, പോസ്റ്ററുകളും എക്‌സിബിഷനിൽ ഒരുക്കിയിരുന്നു. രാജേഷ് ജോസഫ്, എബി സാമുവൽ എന്നിവർ അവതാരകർ ആയിരുന്നു.

പരമ്പരാഗതമായ ക്രിസ്ത്യൻ കലാരൂപമായ മാർഗം കളിയുടെയും, പരിചമുട്ട് കളിയുടെയും അവതരണം എക്‌സിബിഷനോടനുബന്ധിച്ച് നടത്തപ്പെട്ടു. തോമാശ്ലീഹായുടെ കേരളത്തിലേയ്ക്കുള്ള വരവ്, നടത്തിയ അത്ഭുത പ്രവർത്തികൾ മുതൽ രക്തസാക്ഷിത്വം വരെയുള്ള സുപ്രധാന ചരിത്ര സംഭവങ്ങൾ ചേർത്തൊരുക്കിയ ലൈറ്റ് & സൗണ്ട് ഷോ എക്‌സിബിഷനിലെ മുഖ്യ ആകർഷണം ആയിരുന്നു.

ദുക്‌റാന ദിനമായ ജൂലൈ മൂന്നിന് ഫാ. ജോയ് വാതല്ലൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാനയുടെ ആചരണവും നടന്നു.