- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ പ്രൗഢഗംഭീരമായ ദുക്‌റാന തിരുനാൾ
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ഓർമ്മത്തിരുനാൾ ഭക്തിനിർഭരമായ തിരുകർമ്മങ്ങളോടും, വർണ്ണപ്പകിട്ടാർന്ന വിവിധ പരിപാടികളോടുംകൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ജൂൺ 28-ന് ഞായറാഴ്ച കൊടി ഉയർത്തിയതോടെ ത
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ഓർമ്മത്തിരുനാൾ ഭക്തിനിർഭരമായ തിരുകർമ്മങ്ങളോടും, വർണ്ണപ്പകിട്ടാർന്ന വിവിധ പരിപാടികളോടുംകൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
ജൂൺ 28-ന് ഞായറാഴ്ച കൊടി ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. അന്നത്തെ ചടങ്ങുകൾക്ക് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ആന്റണി തുണ്ടത്തിൽ, വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ജൂൺ 29 തിങ്കൾ, 30 ചൊവ്വ ദിവസങ്ങളിൽ വി. കുർബാനയും, നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നു.
ജൂലൈ 1-ന് ബുധനാഴ്ച ഷിക്കാഗോ സീറോ മലബാർ രൂപതയുടേയും, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പതിനാലാം വാർഷികവും, യൂത്ത് ഡേ ദിനാഘോഷവും നടത്തപ്പെട്ടു. അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരുന്നു.
ജൂലൈ 2-ന് വ്യാഴാഴ്ച വി. കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു. ജൂലൈ 3-ന് വെള്ളിയാഴ്ച -ദുക്‌റാന ദിനം- ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ബിജ്‌നോർ ബിഷപ്പ് മാർ ഗ്രേഷ്യൻ മുണ്ടാടൻ തിരുനാൾ സന്ദേശം നൽകി. തുടർന്ന് വൈകിട്ട് 6.30-ന് 'സീറോ മലബാർ നൈറ്റ്' വിവിധ പരിപാടികളോടെ കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
4-ന് ശനിയാഴ്ച- ഈവർഷത്തെ തിരുനാൾ പ്രസുദേന്തിമാരായ സെന്റ് ബർത്തലോമിയ വാർഡിന്റെ ആഭിമുഖ്യത്തിൽ 'തിരുനാൾ നൈറ്റ്' നടത്തപ്പെട്ടു. ആഘോഷമായ ദിവ്യബലിയിൽ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. രൂപതാ ചാൻസിലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ സന്ദേശം നൽകി. വൈകിട്ട് 7 മണിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറി. മോഹൻ സെബാസ്റ്റ്യൻ, സിമി ജെസ്റ്റോ മണവാളൻ, ജൂബി വള്ളിക്കളം എന്നിവർ നേതൃത്വം നൽകി.
5-ന് ഞായറാഴ്ച- പ്രധാന തിരുനാൾ ദിനം. വൈകിട്ട് 4 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിയിൽ രൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. റവ.ഡോ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ തിരുനാൾ സന്ദേശം നൽകി. റവ.ഫാ. പോൾ ചാലിശേരി, റവ.ഫാ. റോയ് മൂലേച്ചാലിൽ, റവ.ഫാ. ജോർജ് എട്ടുപറയിൽ, റവ.ഫാ. തോമസ് കുറ്റിയാനി, റവ.ഫാ. ഡേവിഡ്, റവ.ഫാ. ബേബിച്ചൻ എർത്തയിൽ, റവ.ഫാ. സുനി പടിഞ്ഞാറേക്കര, റവ.ഫാ. ബെഞ്ചമിൻ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴിക്കൽ, അടിമസമർപ്പണം, തിരുശേഷിപ്പ് വണക്കം, നേർച്ചകാഴ്ച സമർപ്പണം തുടങ്ങിയ ചടങ്ങുകളും നടത്തപ്പെട്ടു. 6.30-ന് പ്രൗഢഗംഭീരവും വർണ്ണശബളവുമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയിൽ, പതിനെട്ടിലധികം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ തോളിൽ വഹിച്ചുകൊണ്ട് വിവിധ ചെണ്ടമേള ഗ്രൂപ്പുകൾ, ബാന്റ് സെറ്റ്, നൂറുകണക്കിന് മുത്തുക്കുടകൾ, കൊടികൾ എന്നിവയുടെ അകമ്പടിയോടെ കേരളീയ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിനു വിശ്വാസികൾ പ്രാർത്ഥനാനിരതരായി നഗരവീഥിയിലൂടെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വർണ്ണശബളവും ഭക്തിനിർഭരവുമായ പ്രദക്ഷിണം തങ്ങളുടെ നാട്ടിൻപുറങ്ങളിലെ ദേവാലയങ്ങളിൽ നടന്നിരുന്ന തിരുനാൾ ആഘോഷങ്ങളുടെ മധുരിക്കുന്ന പൂർവ്വകാല സ്മരണകൾ പങ്കെടുത്ത ഓരോരുത്തരിലും ജനിപ്പിച്ചു. നഗരവീഥിയിലൂടെ ഇരുവശങ്ങളിലും നിന്നിരുന്ന തദ്ദേശവാസികൾക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.
തിരുനാളിന്റെ ആരംഭം മുതൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർക്കു പുറമെ ബിജ്‌നോർ ബിഷപ്പ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബാലസോർ രൂപതാ മെത്രാൻ മാർ സൈമൺ കൈപ്പുറം, കണ്ണൂർ രൂപതാ മെത്രാൻ മാർ അലക്‌സ് വടക്കുംതല എന്നീ അഭിവന്ദ്യ പിതാക്കന്മാരും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും, ജർമ്മനിയിൽ നിന്നും, കേരളത്തിൽ നിന്നും എത്തിയ നിരവധി ബഹുമാനപ്പെട്ട വൈദീകരും തിരുകർമ്മങ്ങളിലും മറ്റ് പരിപാടികളിലും സജീവമായി പങ്കെടുത്ത് തിരുനാൾ ആഘോഷങ്ങൾ കൂടുതൽ അനുഗ്രഹപ്രദമാക്കി.
വളരെ പ്രഗത്ഭരായ ഗായകരും, പിന്നണി ഗായകരും അണിനിരന്ന കത്തീഡ്രൽ ഗായകസംഘം കുഞ്ഞുമോൻ ഇല്ലിക്കലിന്റെ നേതൃത്വത്തിൽ ആലപിച്ച ശ്രുതിമധുരമായ ഗനങ്ങൾ തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കി.
ലിറ്റർജി കോർഡിനേറ്റേഴ്‌സായ ജോസ് കടവിൽ, ജോസുകുട്ടി നടയ്ക്കപ്പാടം, ജോൺ വർഗീസ് തയ്യിൽപീഡിക, ചെറിയാൻ കിഴക്കേഭാഗം, ലാലിച്ചൻ ആലുംപറമ്പിൽ, ബേബി മലമുണ്ടയ്ക്കൽ, ശാന്തി തോമസ്, ജോമി എടക്കുന്നത്ത് എന്നിവർ അടങ്ങിയ ഇടവകയിലെ ബഹൃത്തായ അൾത്താര സംഘം തിരുകർമ്മങ്ങൾക്ക് സഹായികളായി പ്രവർത്തിച്ചു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി കേരളത്തനിമയിൽ നിർമ്മക്കപ്പെട്ട അതിമനോഹരമായ കത്തിഡ്രൽ ദേവാലയത്തിൽ നടന്ന തിരുനാൾ മഹാമഹത്തിന്റെ വിജയത്തിനുവേണ്ടി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ച് അഭിവന്ദ്യ പിതാക്കന്മാർ, ബഹുമാനപ്പെട്ട വൈദീകർ, ബഹുമാനപ്പെട്ട കന്യാസ്ത്രീകൾ, മറ്റ് ഇടവകകളിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന വിശ്വാസികൾക്കും വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിച്ചു.
ഇടവകയിലെ 11 വാർഡുകളിലൊന്നായ സെന്റ് ബർത്തലോമിയ (മോർട്ടൻഗ്രോവ്- നൈൽസ്) വാർഡ് ആണ് ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്.
വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലിൽ, വാർഡ് പ്രതിനിധികളായ സിബി പാറേക്കാട്ടിൽ (ജനറൽ കോർഡിനേറ്റർ), പയസ് ഒറ്റപ്ലാക്കൽ (പ്രസിഡന്റ്), ലൗലി വിൽസൺ (സെക്രട്ടറി), റ്റീനാ മത്തായി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ, മനീഷ് ജോസഫ്, ആന്റണി ഫ്രാൻസീസ്, ഷാബു മാത്യു, പോൾ പുളിക്കൻ തുടങ്ങിയ ട്രസ്റ്റിമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവകാതിർത്തിയിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ്, ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങൾ, വാർഡ് പ്രാർത്ഥനാ ഗ്രൂപ്പുകൾ തുടങ്ങിയവർ ഒരാഴ്ച നീണ്ടുനിന്ന ആയിരങ്ങൾ പങ്കെടുത്ത തിരുനാൾ മോടിയാക്കുവാൻ ദിനരാത്രങ്ങൾ പ്രവർത്തിച്ചു.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുവാൻ ഫുഡ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പ് പൗവ്വത്തിൽ (കോർഡിനേറ്റർ), റോയി ചാവടിയിൽ, ജോയി വട്ടത്തിൽ, ത്രേസ്യാമ്മ ജെയിംസ് കല്ലിട്ടേതിൽ, കുഞ്ഞമ്മ, വിജയൻ കടമപ്പുഴ, ജോൺ തെങ്ങുംമൂട്ടിൽ (കോർഡിനേറ്റർ), ഷിബു അഗസ്റ്റിൻ, സാലിച്ചൻ, ജോയി ചക്കാലയ്ക്കൽ, ജോസഫ് ഐക്കര എന്നിവരും, ഇടവകയിലെ നിരവധിയാളുകളും ആത്മാർത്ഥമായി സഹകരിച്ചു.
തിരുനാളിനോടനുബന്ധിച്ച് കത്തീഡ്രൽ ദേവാലയവും പരിസരങ്ങളും കേരളത്തനിമയിൽ, ദീപാലങ്കാരങ്ങളാലും, കൊടിതോരണങ്ങളാലും മോടിപിടിപ്പിച്ചിരുന്നത് ഇടവക ജനങ്ങൾക്കും, തദ്ദേശവാസികൾക്കും നയനമനോഹരമായ കാഴ്ചയായിരുന്നു. ജോസ് ചാമക്കാല സിപിഎ, തോമസ് പതിനഞ്ചിൽപറമ്പിൽ (കോർഡിനേറ്റർ), റെജി കുഞ്ചെറിയ, സണ്ണി കൊട്ടുകാപ്പള്ളി, അനിയൻകുഞ്ഞ് വള്ളിക്കളം, സണ്ണി ചാക്കോ എന്നിവരായിരുന്നു അതിന്റെ പിന്നിൽ ദിനരാത്രങ്ങൾ പ്രവർത്തിച്ചത്.