- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹാതുരത്വം ഉണർത്തിയ സുന്ദര മുഹൂർത്തങ്ങളുമായി സെന്റ് തോമസ്, ദി അപോസ്ത്ൽ സീറോ മലബാർ ഇടവക തിരുന്നാൾ ഭക്തി സാന്ദ്രമായി
ബ്രിസ്ബൻ: സെന്റ് തോമസ്, ദി അപോസ്ത്ൽ സീറോ മലബാർ ഇടവകയുടെ മധ്യസ്ഥനായ മാർ തോമാ ശ്ലീഹായുടെ തിരുനാൾ അകേസിയ റിഡ്ജ് ഔർ ലേഡി ഓഫ് ഫാതിമ ദൈവാലയത്തിൽ വച്ചു ഭക്ത്യാദര പൂർവ്വം ആഘോഷിച്ചു. കൊടി തോരണങ്ങളും, ചെണ്ടമേളവും, മുത്തുക്കുടകളും, കൊടികളും, നേർച്ചയും, കഴുന്നെടുപ്പും, കണ്മഷിയും ചാന്തും കുപ്പിവളയും മുത്തുമാലയും വില്ക്കുന്ന വച്ചു വാണിഭ
ബ്രിസ്ബൻ: സെന്റ് തോമസ്, ദി അപോസ്ത്ൽ സീറോ മലബാർ ഇടവകയുടെ മധ്യസ്ഥനായ മാർ തോമാ ശ്ലീഹായുടെ തിരുനാൾ അകേസിയ റിഡ്ജ് ഔർ ലേഡി ഓഫ് ഫാതിമ ദൈവാലയത്തിൽ വച്ചു ഭക്ത്യാദര പൂർവ്വം ആഘോഷിച്ചു. കൊടി തോരണങ്ങളും, ചെണ്ടമേളവും, മുത്തുക്കുടകളും, കൊടികളും, നേർച്ചയും, കഴുന്നെടുപ്പും, കണ്മഷിയും ചാന്തും കുപ്പിവളയും മുത്തുമാലയും വില്ക്കുന്ന വച്ചു വാണിഭ കടകളും എന്ന് വേണ്ട ഒരു സുറിയാനി ക്രിസ്ത്യാനിയുടെ എല്ലാ വിധ ഗൃഹാതുരത്വ സ്മരണകളേയും ഉണർത്തുവാൻ സഹായിച്ച ഒരു അവിസ്മരണീയ ദിവസമായിരുന്നു ഇത്. നാട്ടിൻപുറത്തെ പെരുന്നാൾ കാഴ്ചകളും ആരവങ്ങളും കൊടി തോരണങ്ങളും എല്ലാം കൂടി ദേവാലയ പരിസരം ഒരു കൊച്ചു കേരളമാക്കി മാറ്റവാൻ ഇടവക അംഗങ്ങൾക്ക് കഴിഞ്ഞു.
ചെണ്ടമേളവും, സ്വർണ്ണക്കുരിശും, വെള്ളിക്കുരിശും, മുത്തുക്കുടകളും, കൊടികളും, അലങ്കരിച്ച വലിയ രൂപക്കൂടുകളിലായി ഒരുക്കിയ തിരുസ്വരൂപങ്ങളും അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചു വച്ച മലയാറ്റൂർ മുത്തപ്പന്റെ രൂപവും ഒക്കെ ആയി നീങ്ങിയ വർണ്ണാഭവും ഭക്തി സാന്ദ്രവുമായ പ്രദക്ഷിണം വീഡിയോയിൽ പകർത്തുവാൻ തദ്ദേശവാസികൾ പോലും തിരക്ക് കൂട്ടുകയായിരുന്നു.
ജ്വലിക്കുന്ന വിശ്വാസത്തിന്റെ ഉത്തമ മാതൃകയായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിത ചൈതന്യവും അടിയുറച്ച ദൈവസ്‌നേഹവും വിശുദ്ധിയും സ്വജീവിതത്തിലും കുടുംബങ്ങളിലും സ്വീകരിച്ചു ആത്മീയ നിറവിലും അഭിഷേകത്തിലും പൂരിതരാകുവാൻ ഭക്തജങ്ങളെ സഹായിച്ച ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തിരുനാളായ ബ്രിസ്ബൻ ദുക് റാന തിരുനാളിന് വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ഇടവക വികാരി ഫാ. പീറ്റർ കാവുംപുറം പതാക ഉയർത്തി തുടക്കം കുറിച്ചു .
പിന്നീട് നടന്ന ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. ജോസഫ് തോട്ടങ്കര നേത്രുതം നൽകി. ശനിയാഴ്ചത്തെ തിരുകർമങ്ങൾ ഫാ. ടെറൻസ് നുവയുടെ ദിവ്യബലിയോടെ 6 മണിക്ക് ആരംഭിച്ചു . തുടർന്ന് ഏഴു മണി മുതൽ പത്തു മണി വരെ സുപ്രസിദ്ധ സിനിമ പിന്നണി ഗായകർ അഫ്‌സൽ, അഖില ആനന്ദ് എന്നിവരുടെ നേതൃത്തത്തിൽ ഗാനമേളയും നടന്നു.
ഇടവക അംഗങ്ങൾക്കും സന്ദർശകർക്കും ഒപ്പം ചുവടു വച്ച അഫ്‌സലും അഖിലയും കാണികളെ കയ്യിൽ എടുക്കുന്നതിൽ മത്സരിച്ചു. അഫ്‌സലിനോപ്പം അതിമനോഹരമായ നൃത്തച്ചുവടുകൾ കൊണ്ട് മായാജാലം തീർത്ത സൺഡേ സ്‌കൂൾ കുട്ടികൾ കാണികളുടെ മനംകവർന്നു.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്തത്തിൽ പ്രവർത്തിച്ച ഭക്ഷണശാലയിലെ നാടൻ വിഭവങ്ങൾ തിരുനാളിന് കേരളത്തിന്റെ തനതായ രുചി പകർന്നു.
പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയും പ്രെസുദേന്തി വാഴ്ചയും നടന്നു.
തിരുന്നാൾ പ്രസുദേന്തി വാഴിക്കലിനു ശേഷം മെൽബോൺ രൂപത വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലെൻചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ കുർബാന നടന്നു. ഫാ. ജിമ്മി മാമൂട്ടിൽ, ഫാ. ജോസ് തെക്കേമുറി, ഫാ. ഫെർണാണ്ടോ, ഫാ. ജോസഫ് കാനാട്, ഫാ. തോമസ് അരീകുഴി, ഫാ. പീറ്റർ കാവുംപുറം തുടങ്ങിയവർ സഹ കാർമ്മികർ ആയിരുന്നു. ഫാ. ജോസഫ് കാനാട് തിരുന്നാൾ സന്ദേശം നല്കി.
സെന്റ് തോമസ് സിറോ മലബാർ ചർച്ച് ക്വയറിലെ അനുഗ്രഹീത ഗായകരായ സ്‌റ്റെഫി, നീമ, സൂര്യ എന്നിവരോടൊപ്പം ബുണ്ടബുർഗിൽ നിന്നുള്ള ജൈമോനും ചേർന്നുള്ള ശ്രുതിമധുരമായ ഗാനാലാപനം തിരുന്നാൾ കർമ്മങ്ങൾ ഭക്തി സാന്ദ്രമാക്കി. മെൽബോണിൽ നിന്നുള്ള ജോബിന്റെ കീ ബോർഡിൽ നിന്നുതിർന്ന സ്വര വിസ്മയങ്ങൾ ഗായക സംഘത്തെ അതിമനോഹരമാക്കി. ബ്രിസ്ബണിലെ ക്രിസ്ത്യൻ മലയാളി സമൂഹത്തിനു അപൂർവ്വമായി മാത്രമാണു ആഘോഷകരമായ റാസ കുർബാനയിൽ പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുന്നത്.
തിരുനാൾ മദ്ധ്യേ സെന്റ് തോമസ് കംമുനിറ്റിയെ മെൽബോൺ രൂപതയിലെ ആദ്യത്തെ ഇടവക ( സെന്റ് തോമസ്, ദി അപോസ്ത്ൽ സീറോ മലബാർ ഇടവക) ആക്കി ഉയിർത്തി കൊണ്ടുള്ള ബിഷപ് ബോസ്‌കോ പുതൂരിന്റെ ഡിക്രി മെൽബോൺ രൂപത വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലെൻചേരി വായിച്ചു. ഫാ. പീറ്റർ കാവുംപുറത്തെ ഈ ഇടവകയുടെ ആദ്യത്തെ വികാരി ആയും നിയമിച്ചു. ആദ്യ വികാരിയെ പാരിഷ് കൗണ്‌സിൽ അംഗങ്ങൾ അനുമോദനം അറിയിച്ചു
തിരുന്നാൾ റാസാ കുർബാനയ്ക്ക് ശേഷം ലദീഞ്ഞോടെ ആണ് പ്രദക്ഷിണം ആരംഭിച്ചത്. പരിശുദ്ധ മാതാവിന്റെയും മാർ തോമ്മാ ശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും സെബസ്ത്യാനോസ് പുണ്യാളന്റേയും തിരുസ്വരൂപങ്ങൾ വച്ച പുതുപൂക്കളാൽ അലങ്കരിച്ച രൂപക്കൂടുകൾക്കൊപ്പം, വെള്ളി കുരിശും, സ്വർണ്ണ കുരിശും, മാർതോമ്മ കുരിശും, നൂറുകണക്കിന് മുത്തുകുടകളും, കൊടികളും, മേളം ബ്രിസ്ബന്റെ ചെണ്ടമേളവും ഒക്കെയായി ആബാല വയോധിക വിശ്വാസികളും ഉത്സാഹത്തോടെ വർണ്ണ ശബളമായ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദിക്ഷണത്തിനു ഫാ. തോമസ് അരീകുഴി നേതൃത്വം നല്കി. തിരുന്നാളിനോടനുബന്ധിച്ചു നാട്ടിലെ പള്ളികളിലെ പോലെ തന്നെ കഴുന്നു എടുക്കുവാനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനും അവസരമുണ്ടായിരുന്നു.
പ്രദിക്ഷിണത്തിനു ശേഷം നടന്ന വെടിക്കെട്ട് തിരുനാളിന് മാറ്റ് കൂട്ടി . ആകാശത്ത് വിരിഞ്ഞ വർണ വിസ്മയം കണ്ട് സന്ദർശകർ ആനന്ദ പുളകിതരായി. വർഷങ്ങളായി നാട്ടിലെ തിരുനാളിൽ പങ്കെടുത്തിട്ടില്ലാത്ത പ്രവാസി ലയാളികൾക്ക് ഇതൊരു നവ്യാനുഭവമായി. പലരും തിരുനാളിൽ പങ്കെടുത്തു തിരിച്ചു പോയത് ബാല്യകാലത്തെ തിരുനാൾ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.
ഓസ്‌ട്രേലിയയിൽ അങ്ങോളമിങ്ങോളം ഉള്ള ചെണ്ട മേളക്കാരുടെ ഇടയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരേ താളത്തിലും ലയത്തിലും കൊട്ടിക്കയറുന്ന മേളം ബ്രിസ്ബന്റെ മാസ്മരിക പ്രകടനം തിരുന്നാൾ ആവേശം ഉച്ചസ്ഥായിലാക്കി. പ്രവാസി മലയാളികളുടെ വിശ്വാസ പൈതൃകവും കൂട്ടായ്മ ജീവിതവും ഊട്ടി ഉറപ്പിക്കുന്നതിനും സഭാത്മക ജീവിതം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുവർണ്ണാവസരമായി ഈ തിരുന്നാൾ ദിനം ഒരുക്കിയതിൽ ഇടവകയുടെ ആത്മീയ പിതാവായ ഫാ. പീറ്റർ കാവുംപുറത്തിനുള്ള പങ്ക് അതുല്യമാണ്. സോണി കുര്യൻ, ജൂഡിൻ ജോസ്, സിബി തോമസ്, ജോസ് കണ്ണൂർ, ജെയിംസ് പെരുമാലിൽ, ടോം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിലൽ അംഗങ്ങൾ, സൺഡേ സ്‌കൂൾ കുട്ടികൾ, അദ്ധ്യപകർ, മാതൃജ്യോതിസ്, സെന്റ് തോമസ് സിറോ മലബാർ യൂത്ത് മൂവ്‌മെന്റ്, സെന്റ് വിൻസൻ ഡി പോൾ സൊസൈറ്റി, വിവിധ വാർഡുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുടെ മാസങ്ങളായുള്ള അധ്വാനത്തിന്റെ പരിസമാപ്തി കൂടെയാണിത്.
ഈ തിരുനാളിൽ പങ്കെടുക്കുകയും ഈ തിരുനാൾ ഒരു വൻ വിജയമാക്കുവാൻ പരിശ്രമിക്കുകയും ചെയ്ത എല്ലാ ഇടവക അംഗങ്ങളെയും വിശ്വാസികളെയും ഇതര കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും ഫാ. പീറ്റർ കാവുംപുറവും തിരുനാൾ കമ്മിറ്റിയും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സമൂഹം ഒറ്റക്കെട്ടായി ഈ തിരുന്നാളിനെ ബ്രിസ്ബൻ മലയാളി സമൂഹത്തിന്റെ അവിസ്മരണീയ ദിവസം ആക്കി മാറ്റി.