കൊച്ചി : സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ഇന്നു തിയറ്ററുകളിൽ എത്തില്ല. മലയാള ചലച്ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതിനാണ് ഇത്. ഇതോടെ മുന്തിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രം ഉൾപ്പെടെയുള്ള സിനിമകളുടെ റിലീസിംഗും പ്രതിസന്ധിയിലായി.

തിയറ്റർ വിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി തിയറ്റർ ഉടമകൾ ഒരുവശത്തും വിതരണക്കാരും നിർമ്മാതാക്കളും മറുവശത്തുമായി തുടരുന്ന തർക്കമാണ് ഇതിന് കാരണം. പ്രശ്‌നത്തിൽ സർക്കാർ ഇടപെടുമെന്നാണ് സൂചന. തിയറ്റർ വിഹിതം സംബന്ധിച്ചു നിലവിലെ ധാരണ തുടരണമെന്ന നിർദേശമാണു സർക്കാർ തിയറ്റർ ഉടമകൾക്കു നൽകിയതെന്നാണു വിവരം.

തിയറ്റർ വരുമാന വിഹിതം വർധിപ്പിക്കണമെന്നു തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നു മുതൽ റിലീസ് നിർത്തിവയ്ക്കാൻ നിർമ്മാതാക്കളും വിതരണക്കാരും സംയുക്തമായി തീരുമാനിച്ചത്. ദീർഘകാലമായുള്ള ധാരണ ഏകപക്ഷീയമായി തെറ്റിച്ചാണു ഫെഡറേഷൻ തീരുമാനമെന്നു ചൂണ്ടിക്കാട്ടിയാണു റിലീസ് നിർത്തിവയ്ക്കാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്.

നിർമ്മാതാക്കൾക്കും വിതരണക്കാർക്കും 60 ശതമാനവും തിയറ്ററുകൾക്കു 40 ശതമാനവും എന്ന നിലവിലെ ധാരണയ്ക്കു പകരം തങ്ങളുടെ വിഹിതം 50 ശതമാനമായി ഉയർത്താനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചത്. പഴയ ധാരണയിൽ നിന്നു മാറേണ്ടതില്ലെന്നു നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചതോടെയാണു റിലീസിനു വിലക്കു വീണത്. ഇതോടെ, ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായി.

മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ, പൃഥ്വിരാജ് -പ്രിയ ആനന്ദ് ചിത്രം എസ്ര എന്നിവയുടെ റിലീസാണ് പ്രധാനമായും പ്രതിസന്ധിയിലാകുന്നത്.