- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചനും മകനും നേർക്കുനേർ മത്സരിച്ചു മുന്നേറി; ക്ലൈമാക്സിൽ വിജയം മകന്; പൃഥ്വിരാജ് ഇന്നലെ പുറത്തായപ്പോൾ ജയസൂര്യ അവസാന നിമിഷം വരെ കാത്തിരുന്നു: ദുൽഖറിന്റെ വിജയം ന്യൂ ജനറേഷൻ അഭിനയത്തിനുള്ള കൈയടി
തിരുവനന്തപുരം: മലയാള സിനിമാ അവാർഡുകളിൽ ന്യൂജനറേഷന് പരിഗണന തുടങ്ങിയതിന് ശേഷമുള്ള മൂന്നാമത്തെ സംസ്ഥാന അവാർഡ് പുരസ്‌ക്കാരമായിരുന്നു ഇന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയത്. ഇങ്ങനെ ന്യൂജനറേഷൻ ചേരുവകളുള്ള സിനിമകളെ മാനദണ്ഡമാക്കിയപ്പോൾ ഫഹദ് ഫാസിലും നിവിൻ പോളിയെയും തേടി മികച്ച നടനുള്ള പുരസ്‌ക്കാരമെത്തി. അതിന് ശേഷമാണ് ഒടുവില
തിരുവനന്തപുരം: മലയാള സിനിമാ അവാർഡുകളിൽ ന്യൂജനറേഷന് പരിഗണന തുടങ്ങിയതിന് ശേഷമുള്ള മൂന്നാമത്തെ സംസ്ഥാന അവാർഡ് പുരസ്‌ക്കാരമായിരുന്നു ഇന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയത്. ഇങ്ങനെ ന്യൂജനറേഷൻ ചേരുവകളുള്ള സിനിമകളെ മാനദണ്ഡമാക്കിയപ്പോൾ ഫഹദ് ഫാസിലും നിവിൻ പോളിയെയും തേടി മികച്ച നടനുള്ള പുരസ്‌ക്കാരമെത്തി. അതിന് ശേഷമാണ് ഒടുവിലായി പുതുതലമുറയുടെ പുതിയ നായകനായ ദുൽഖറിനെ തേടിയും പുരസ്‌ക്കാരം എത്തുന്നത്.
ദുൽഖൽ സൽമാൻ ഇത്തവണ പുരസ്‌ക്കാരം നേടിയത് ബാപ്പ മമ്മൂട്ടിയെ പിന്നിലാക്കി കൊണ്ടായിരുന്നു. അവസാന നിമിഷം വരെ മത്സരം രംഗത്തുണ്ടായിരുന്നത് ജയസൂര്യയും മമ്മൂട്ടിയുമായിരുന്നു. ഇവരിൽ ജയസൂര്യയ്ക്ക് പുരസ്‌ക്കാരം നൽകണമെന്ന അഭിപ്രായം ജൂറിക്കുള്ളിൽ ശക്തമായിരുന്നു. പത്തേമാരിയിലെ അഭിനയത്തിലൂടെ മമ്മൂട്ടിക്ക് അവാർഡ് നൽകുമെന്നും പ്രതീക്ഷിച്ചു. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിലൂടെ പൃഥ്വിയും പ്രതീക്ഷിച്ചു. എന്നാൽ ഒടുക്കം പ്രതീക്ഷകളെല്ലാം തകിടം മറിച്ചായിരുന്നു ദുൽഖർ രംഗത്തെത്തിയത്.
മമ്മൂട്ടിയും ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മികച്ച നടനുള്ള പട്ടികയിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്നത്. ഇവരിൽ ആർക്കു അവാർഡ് കിട്ടുമെന്നുള്ളതായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷയും. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് അതു വരെ ചിത്രത്തിലെ ഇല്ലായിരുന്ന ദുൽഖർ അവാർഡ് നേടി. സുസു വാൽമീകം, കുമ്പസാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ജയസൂര്യയ്ക്ക് അവാർഡ് ഉറപ്പിച്ച ഘട്ടം പോലുമായിരുന്നു. അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജയസൂര്യയും. എന്നാൽ അവസാന റൗണ്ടിൽ ജയസൂര്യയെ തഴഞ്ഞ് ദുൽഖറിനെ പരിഗണിക്കുകയായിരുന്നു ജൂറി. തുടർന്ന് ജയസൂര്യയ്ക്കുള്ള അവാർഡ് പ്രത്യേക ജൂറി പരാമർശത്തിൽ ഒതുക്കി.
എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജും വലിയ ചിറകുള്ള പക്ഷികളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും ആദ്യം ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. എന്തായാലും തനിക്ക് അവാർഡ് നഷ്ടമായെങ്കിലും ചാർലിയിലെ കേന്ദ്രകഥാപാത്രമായി തിളങ്ങിയ മകന് പുരസ്‌ക്കാരം ലഭിക്കുമ്പോൾ മമ്മൂട്ടിയും സന്തോഷിക്കുന്നുണ്ട്.
മൺട്രോൺ തുരുത്തിലെ ഇന്ദ്രൻസിന്റെ അഭിനയം മുൻ നിറുത്തി അദ്ദേഹത്തിന് അവാർഡ് നൽകണമെന്ന അഭിപ്രായവുമുണ്ടായിരുന്നു. എന്നാൽ, അതുണ്ടായില്ല. എതിരാളികൾ ഇല്ലാതെയാണ് പാർവതി അവാർഡ് നേടിയത്. മഞ്ജു വാര്യർക്ക് അവാർഡ് നല്കണമെന്ന അഭിപ്രായം ഉയർന്നിരുന്നെങ്കിലും ഈ അഭിപ്രായം തള്ളപ്പെട്ടും.
2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദുൽഖറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എബിസിഡി, ഉസ്താദ് ഹോട്ടൽ, ഞാൻ, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കാഴ്ചവച്ച ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് അണിയിച്ചൊരുക്കിയ ചാർളിയിലേക്ക് ദുൽഖർ എത്തുന്നത്. മറ്റുള്ളവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുന്ന ചാർളി എന്ന കേന്ദ്രകഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാനായതാണ് ദുൽഖറിനെ പുരസ്‌ക്കാരത്തിലേക്ക് എത്തിച്ചത്.