ദുൽഖർ സൽമാൻ മലയാളത്തിനൊപ്പം ബോളിവുഡിലും ചുവടുറപ്പിക്കുകയാണ്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കാർവാന്റെ റിലീസിനായി കാത്തിരിക്കെ നടന്റെ അടുത്തചിത്രവും പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ ജോഡിയായിട്ടാണ് ദുൽഖർ 'ദ സോയ ഫാക്ടറി'ൽ എത്തുന്നത്. വിവാഹത്തിന് ശേഷം സോനം അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദ സോയാ ഫാക്ടർ.

ഇപ്പോഴിതാ സോനം ദുൽഖറിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നാണ് അറിയിച്ചത്.'ഞാൻ ദുൽഖർ അഭിനയിച്ച ഓ.കെ. കൺമണി കണ്ടിട്ടുണ്ട്. ദുൽഖറിന്റെ അഭിനയം ഗംഭീരമായിരുന്നു. അദ്ദേഹം ക്യൂട്ടാണ് ഒപ്പം മികച്ച നടനുമാണ്, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു, ഞാൻ ദുൽഖറുമൊത്ത് അഭിനയിക്കാൻ കാത്തിരിക്കുകയാണ്'- സോനം കപൂർ പറഞ്ഞു.

തെന്നിന്ത്യൻ നടന്മാരുമായി താൻ ഇതിനു മുൻപും അഭിനയിച്ചിട്ടുണ്ട്. റാഞ്ച്‌ന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡിൽ എത്തുന്നത്. അദ്ദേഹവുമൊത്ത് അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. തെന്നിന്ത്യൻ നായകന്മാരുമായി നന്നായി തനിക്ക് വർക്ക് ചെയ്യാൻ സാധിക്കുമെന്നും സോനം പറഞ്ഞു.

ദ സോയ ഫാക്ടർ എന്ന ചിത്രം അനുജ ചൗഹാന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്. അഭിഷേക് ഷർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന പെൺകുട്ടിയുടെ കഥയാണിത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ഇന്ത്യൻ ടീം ലോകപ്പ് നേടിയത് എന്നായിരുന്നു എല്ലാവരുടെും വിശ്വാസം. തുടർന്ന് 2010-ലും 'സോയ ഫാക്ടർ' കപ്പടിക്കാനായ് ഉപയോഗിക്കുന്നതാണ് നോവലിൽ പറഞ്ഞിരിക്കുന്നത്.

ദുൽഖറുമായി താൻ ഇതുവരെ തയ്യാറെടുപ്പുകളൊന്നും തുടങ്ങിയിട്ടില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിലോ സെപ്റ്റംബറിലോ തുടങ്ങുമെന്നും സോനം കൂട്ടിച്ചേർത്തു.'വീരേ ദി വെഡ്ഡിങ്' ആണ് സോനത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.