നടിമാർ തങ്ങളുടെ വ്യത്യസ്ഥമായ വീഡിയോ യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമ്പോൾ അവരിൽ വ്യത്യസ്തയാവുകയാണ് നടി അനുമോൾ. അനുമോൾ ആരംഭിച്ച് യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്ത ശേഷം നടൻ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ചാനലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കുന്നത്.

അനുമോളുടെ യാത്രാ വീഡിയോകൾ കണ്ട് അസൂയ തോന്നുന്നുവെന്നാണ് നടൻ ദുൽഖർ സൽമാൻ പറഞ്ഞത്. അനുവിന്റെ ട്രാവൽ വീഡിയോ ചാനൽ 'അനുയാത്ര' പ്രകാശനം ചെയ്യുന്ന വേളയിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. ഇന്നു വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനൽ വഴി അനുമോളും ദുൽഖറും പുതിയ ടൈറ്റിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

'അനുമോളുടെ യൂട്യുബ് ചാനലായ അനുയാത്രയുടെ ടൈറ്റിൽ ലോഗോ ഇന്ന് ലോഗിൻ ചെയ്യുകയാണ്. എന്റെ വലിയൊരു ആഗ്രഹമാണ് ഇത്തരമൊരു ചാനൽ ചെയ്യാനൊക്കെ. കൂടുതൽ യാത്ര ചെയ്യാൻ അതും ഒരു കാരണമാകുമല്ലോ. അനുവിന്റെ വീഡിയോകൾ കണ്ട് ഞാൻ വളരെ അസൂയപ്പെട്ടിരിക്കുകയാണ്. വളരെ നന്നായി വീഡിയോസ് അവതരിപ്പിച്ചിരിക്കുന്നു. അനുമോൾ സംസാരിക്കുമ്പോഴും തന്റെ നാടിനെ കുറിച്ചും യാത്രകളെ കുറിച്ചും പറയാറുണ്ട്. ഈ വീഡിയോസ് എല്ലാം അതുപോലെ തന്നെയുണ്ട്' അനുമോൾക്ക് ആശംസകൾ നേർന്ന് ദുൽഖർ പറഞ്ഞു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോർത്തിണക്കിയാണ് ടൈറ്റിൽ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതൽ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോൾക്കുള്ള ചങ്ങാത്തം ഏറെ പ്രശസ്തമാണ്. ഈ സാഹചര്യത്തിലാണ് അനുയാത്ര എന്ന യൂട്യൂബ് ചാനലുമായി അനുമോൾ രംഗ പ്രവേശം നടത്തിയിരിക്കുന്നത്.