കൊച്ചി: വാഹനങ്ങളോടുള്ള കമ്പത്തിൽ മലയാളത്തിലെ യുവതാരങ്ങളിൽ മുന്നിലാണ് ദുൽഖർ സൽമാൻ. ബിഎംഡബ്ളിയു, ഫെരാരി, പോർഷെ, ബെൻസ് തുടങ്ങിയ ആഡംബര കാറുകൾക്ക് പിന്നാലെ മെഴ്സിഡസ് ബെൻസ് ജി 63 സ്വന്തമാക്കിയിരിക്കുകയാണ് ഡിക്യു. ഒരു പുതുപുത്തൻ മെഴ്‌സിഡെസ് ബെൻസ്. ജി 63 എഎംജി എന്ന മോഡലാണ് അത്.

ബെൻസിന്റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എൻഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആർപിഎമ്മിൽ 577 ബിഎച്ച്പി കരുത്തും 2500 ആർപിഎമ്മിൽ 850 എൻഎം ടോർക്കും നൽകുന്ന വാഹനമാണ് ഇത്. പെട്രോൾ ഇന്ധനമാക്കുന്ന വാഹനത്തിന് ലഭിക്കുന്ന മൈലേജ് 6.1 കി.മീ./ലിറ്റർ ആണ്. യൂറോ എൻക്യാപ്പ് അനുസരിച്ച് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ച കാർ ആണിത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള വാഹനമാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്.



ഏകദേശം ഇതേ വില തന്നെ വരുന്ന ബെൻസിന്റെ തന്നെ എസ്എൽഎസ് എഎംജിയും ദുൽഖറിന് സ്വന്തമായുണ്ട്. രണ്ട് സീറ്റർ ലിമിറ്റഡ് സ്പോർട്സ് കാർ ആണ് ഇത്.

കഴിഞ്ഞ ദിവസം ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ഓതിരം കടകം, അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കോത്ത എന്നി സീനിമകൾ പ്രഖ്യാപിച്ചിരുന്നു. കുറുപ്പ് ആണ് ദുൽഖറിന്റെ അടുത്ത റിലീസ്. റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്, ലെഫ്റ്റന്റ് റാം എന്ന തെലുങ്ക് ചിത്രം, ബൃന്ദ സംവിധാനം ചെയ്ത ഹേയ് സിനാമിക എന്നീ സിനിമകളും അണിയറയിലുണ്ട്്.