കൊച്ചി: യാത്രാമൊഴി എന്ന സിനിമ സംവിധാനം ചെയ്ത ശേഷം നടനും അഭിനേതാവുമായി പ്രതാപ് പോത്തൻ വീണ്ടും സംവിധാന രംഗത്തേത്ത് എത്തുന്നു എന്ന വാർത്ത ഏറെനാളുകളായി കേൾക്കുന്നതാണ്. ദുൽഖർ സൽമാനെ നായകനാക്കി അഞ്ജലി മേനോന്റെ തിരക്കഥിലാണ് ചിത്രം എടുക്കുക എന്ന് പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോടും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആ പ്രൊജക്ട് ഇപ്പോൾ എങ്ങുമെത്താത്തതിന്റെ സങ്കടത്തിലാണ് പ്രതാപ് പോത്തൻ. തിരക്കഥ മോശമായതിനാലും അഞ്ജലി മേനോനുമായുള്ള പിണക്കം മൂലവും തന്റെ സംവിധാന പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതായി പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അഞ്ജലി മേനോനെ വിശ്വസിച്ചു ദുൽഖർ സിനിമയ്ക്കായി കാത്തിരുന്നത് ഒരു വർഷം, തമിഴ് മലയാള സിനിമകൾ അടക്കം 4 സിനിമകളിൽ അഭിനയിക്കാൻ ഓഫർ നിരസിച്ചുകൊണ്ടാണ് ഈ സിനിമയ്ക്കായി കാത്തിരുന്നത് എന്നാൽ അഞ്ജലി മോനോന്റെ തനിക്കു അയച്ചുതന്ന സ്‌ക്രിപ്റ്റിൽ മാറ്റങ്ങൾ വേണമെന്ന് ആവിശ്യം ഉന്നയിച്ചപ്പോൾ വേറെ ആളെ വച്ച് പടം ചെയ്‌തോളു എന്ന് പറഞ്ഞു മാറുകയായിരുന്നു എന്ന് പ്രതാപ് പോത്തൻ പറഞ്ഞു. 5 കോടി രൂപയിൽ ചെയ്യാമെന്ന സിനിമ 8 കോടിയോളം ബഡ്ജറ്റ് ആവുമെന്ന് അഞ്ജലി മേനോൻ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പോത്തൻ കുടുംബത്തിന്റ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ സുപ്രിയ ഫിലിംസ് ഒറ്റയ്ക്ക് ചെയ്യാൻ ഉദ്ദേശിച്ച സിനിമയിലേക്ക് രജപുത്ര രഞ്ജിത് അടക്കമുള്ളവർ എത്തിയത്. പ്രൊഡ്യൂസർ മാർ തന്നെ സ്‌ക്രിപ്റ്റിൽ നീരസം തന്നോട് വ്യക്തമാക്കിയതാണ് എന്നും പ്രതാപ് പോത്തൻ വ്യക്തമാക്കി.

ഒരു വർഷം സിനിമയുടെ സ്‌ക്രിപ്റ്റിനായി താൻ സമയം ചെലവാക്കി എന്നും എന്നാൽ സ്‌ക്രിപ്റ്റ് പൂർത്തിയക്കാനോ, പൂർത്തീകരിച്ച സ്‌ക്രിപ്റ്റിൽ മാറ്റം വരുത്താനോ അഞ്ജലി മേനോൻ തയാറായില്ല എന്നും ഇതിനു മറുപടി മെയിൽ വഴി അറിയിച്ചപ്പോൾ വേറെ ആളെ നോക്കാൻ പറഞ്ഞു എന്നും പ്രതാപ് പോത്തൻ പറഞ്ഞു. പ്രതാപ് പോത്തൻ തന്നെ തെലുങ്ക് സിനിമയിലൂടെ പരിചയപെടുത്തിയ രാജീവ് മേനോൻ ആയിരുന്നു സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യാൻ നിശ്ചയിച്ചത്. എന്നാൽ സിനിമയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്‌നം അഞ്ജലിയുമായി നിലനിൽക്കുന്ന സമയത്തു തന്നോട് ഒരു ഷോർട്ട് ഫിലിം ചെയ്തു സംവിധാനം പ്രൂവ് ചെയ്യണം എന്ന് രാജീവ് മേനോൻ ആവശ്യപ്പെട്ടതായി പറഞ്ഞത് കടുത്ത വിഷമം ഉണ്ടാക്കിയ സംഭവമാണെന്നും പ്രതാപ് പോത്തൻ പറഞ്ഞു.

എ ആർ റഹ്മാൻ യോദ്ധ സിനിമക്ക് ശേഷം ഒരു മലയാള സിനിമയിൽ സംഗീത സംവിധായകൻ ആയി എത്തുന്ന ചിത്രം ആയിരിക്കും പ്രതാപ് പോത്തൻ-ദുൽഖർ ചിത്രം എന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ലവ് ഇൻ അൻജെംഗോ എന്ന പേരിലാണ് ചിത്രം പിറക്കാനിരുന്നത്. മാധവൻ ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.ലക്ഷ്മി മേനോൻ ആയിരുന്നു നായിക. ദുൽഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും നിർമ്മാതാക്കളായ ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചിത്രം ഒരുങ്ങുന്നതായി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

മോഹൻലാൽ നായകനായി ശിവാജി ഗണേശൻ ആദ്യമായി മലയാളത്തിലെത്തിയ ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. മീണ്ടും ഒരു കാതൽകഥൈ എന്ന തമിഴ് ചിത്രമാണ് പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്തത്. നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഈ സിനിമയിലൂടെ പ്രതാപ് പോത്തൻ നേടിയിരുന്നു. എം ടിയുടെ രചനയിൽ ഋതുഭേദം, കമൽഹാസനെ നായകനാക്കി വെട്രിവിഴ,ഡെയ്‌സി, മൈ ഡിയർ മാർത്താണ്ഡൻ,ജീവ, ചൈതന്യ എന്നീ സിനിമകളും പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തുവന്നിരുന്നു. ഇടക്കാലത്തിന് ശേഷം മലയാള സിനിമയിൽ അഭിനേതാവായി രംഗത്തെത്തിയ പ്രതാപ് പോത്തൻ സംവിധാന രംഗത്തേക്ക് മടങ്ങാനിരിക്കേയാണ് ആ ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്.