തിരുവനന്തപുരം: ലിബർട്ടി ബഷീറിനെ വെട്ടിയാണ് ദിലീപ് തിയേറ്റർ ഉടമകളുടെ പുതിയ സംഘടന വന്നത്. സിനിമയിലെ എല്ലാ പ്രമുഖരും ഒരുമിച്ചുവെന്നും വാദങ്ങളെത്തി. എന്നാൽ സംഘടനയ്ക്ക് ആദ്യ തീരുമാനം എടുക്കേണ്ടി വന്നതു പോലും രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ്. ഒടുവിൽ നിർമ്മാതാക്കളും വിതരണക്കാരും മുൻ തീരുമാനം തിരുത്താൻ തയാറായതോടെയാണ് പ്രശ്‌ന പരിഹാരം സാധ്യമായത്. ഇതോടെ ഈയാഴ്ച രണ്ടു മലയാള സിനിമകൾ തിയറ്ററിലെത്തുമെന്ന് ഉറപ്പായി.

ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളാണു 19, 20 തീയതികളിലായി റിലീസ് ചെയ്യുന്നത്. തിയറ്റർ സമരം പൊളിക്കുന്നതിനു കഴിഞ്ഞദിവസം കൊച്ചിയിൽ കൂടിയ യോഗം മലയാളത്തിൽ റിലീസിന് ഒരുങ്ങിയിരിക്കുന്ന നാലു താര സിനിമകളുടെ റിലീസ് തീയതി തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു ജോമോന്റെ സുവിശേഷങ്ങൾ ഈയാഴ്ചയും മുന്തിരിവള്ളി 26നും ആയിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അടുത്തയാഴ്ച രണ്ടു തമിഴ് സിനിമകളും രണ്ടു ഹിന്ദി സിനിമകളും റിലീസ് ചെയ്യുന്നതിനാൽ തന്റെ സിനിമ അതുമായി മത്സരിക്കേണ്ടി വരുമെന്നു മുന്തിരിവള്ളികളുടെ നിർമ്മാതാവ് സോഫിയ പോൾ പരാതിപ്പെട്ടു. സോളോ റിലീസിന് വേണ്ടിയാണ് സോഫിയാ പോൾ നിലപാട് എടുത്തത്. രണ്ട് പ്രധാന മലയാള സിനിമകൾ ഒരേ ദിവസം തിയേറ്ററിലെത്തുന്നതിനെ ജോമോന്റെ നിർമ്മാതവും എതിർത്തു.

അടുത്തയാഴ്ച റിലീസ് ചെയ്യുന്ന ഒരു ചിത്രം സൂര്യയുടെ ശിങ്കം ത്രീ ആണ്. തന്റെ സിനിമ 20നു തിയറ്ററുകളിൽ എത്തുമെന്നു സോഫിയ പരസ്യം നൽകുക കൂടി ചെയ്തതോടെ അനുരഞ്ജനത്തിനു നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ ശ്രമിച്ചു. നാല് ഇതരഭാഷാ ചിത്രങ്ങളുമായി തന്റെ സിനിമ മത്സരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് അവർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ 20ന് ആ ചിത്രംകൂടി റിലീസ് ചെയ്യുന്നതിന് എല്ലാവരും ചേർന്നു തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്തയാഴ്ച മലയാളം സിനിമകൾ ഒന്നും റിലീസ് ചെയ്യില്ല. എല്ലാവരുമായും ആലോചിച്ചു ധാരണയിലെത്തിയാണു തന്റെ പടം റിലീസ് ചെയ്യുന്നതെന്നും അഭിപ്രായഭിന്നതകളില്ലെന്നും സോഫിയ പോൾ അറിയിച്ചു. ഫോർമുല ജോമോന്റെ നിർമ്മാതാവും അംഗീകരിച്ചു.

അതിനിടെ സമരം നടത്തിയ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുടെ തിയേറ്ററുകൾക്ക് വിതരണക്കാർ റിലീസ്ചിത്രങ്ങൾ നൽകുന്നില്ലെന്നും തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ മുഖ്യമന്ത്രി പിണറായി വിജയന് പരാതിനൽകി. 19-ന് പുറത്തിറങ്ങുന്ന ദുൽഖർ സൽമാൻ ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ചില തിയേറ്ററുകളിൽ റിലീസ് അനുവദിക്കുന്നില്ലെന്നാണ് പരാതി. എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുൾപ്പെടെയുള്ള 10 പേരുടെ 25 തിയേറ്ററുകൾക്കെതിരെയാണ് നീക്കം. തലശ്ശേരി, മാവേലിക്കര, കാഞ്ഞാണി, മഞ്ചേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, കഴക്കൂട്ടം, ചാലക്കുടി എന്നിവിടങ്ങളിലെ തിയേറ്ററുകളാണിവ.

കേരളത്തിലെ തിയേറ്ററുകളിൽ ഇനിയൊരു സമരമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച നടൻ ദിലീപിന്റെ വാക്കുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് ഫെഡറേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. സിനിമാമേഖലയിലെ കരാറുകൾ ലംഘിക്കുന്നതരത്തിലാണ് ചിലനിർമ്മാതാക്കളും വിതരണക്കാരും പെരുമാറുന്നത്. ഇത് ദിലീപിന്റെ അറിവോടെയും പിന്തുണയോടും കൂടിയാണെന്നാണ് ഫെഡറേഷനിലെ ഭാരവാഹികൾ കരുതുന്നത്.