ദുൽഖറിന് മലയാളത്തിൽ മാത്രമല്ല തമിഴകത്തും ഇപ്പോൾ ബോളിവുഡിലും ആരാധകർ ഒരു പാട് ഉണ്ട്.ബാലാജി മോഹൻ സംവിധാനം ചെയ്ത വായ്മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ തമിഴിലെത്തിയിരുന്നത്. പിന്നാലെ മണിരത്നം സംവിധാനം ചെയ്ത ഒകെ കൺമണിഎന്ന ചിത്രത്തിലൂടെ ദുൽഖറിന് തമിഴകത്ത് നിന്ന് നിരവധി ആരാധകരെ ലഭിച്ചു. ഇപ്പോൾ ബോളിവുഡിലും ചുവടുറപ്പിച്ച നടൻ ഹിന്ദി സിനിമാ ലോകത്തെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. ബോളിവുഡിലെ തന്റെ വിശേഷങ്ങളും തമിഴ് സിനിയിലെ അഭിനയ വിശേഷങ്ങളും ദുൽഖർ അടുത്തിടെ ടെക്ക് 2 വിത്ത് അനുപമ ആൻഡ് രാജിവ് എന്ന പരിപാടിക്കിടെ പങ്ക് വയ്ക്കുകയുണ്ടായി.

മണിരത്‌നത്തിന്റെ ചിത്രത്തിൽ അവസരം ലഭിക്കുക എന്നാൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചതു പോലെയാണെന്നാണ് നടൻ പറഞ്ഞത്. 'അദ്ദേഹം വിളിച്ചു കഴിഞ്ഞാൽ നമ്മൾ എവിടെയൊക്കെയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അർത്ഥം. അത് ഒരംഗീകാരമാണ്' -ദുൽഖർ പറഞ്ഞു.

മണിസാറിന്റെ സൂപ്പർഹിറ്റ് ചിത്രം ദളപതിയുടെ ഷൂട്ടിങ് നടക്കുമ്പോൾ വാപ്പച്ചിയോടൊപ്പം ഞാൻ സെറ്റിൽ പോയതും നടൻ ഓർത്തെടുത്തു. ദളപതിക്കു ശേഷവും വാപ്പച്ചിയും മണിരത്നം സാറും നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തുകയും പല സിനിമകളെക്കുറിച്ചും ചർച്ച ചെയ്യുകയുമുണ്ടായി. 'ഇരുവർ' ഉൾപ്പടെ. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്', ദുൽഖർ പറയുന്നു.

മണിരത്നത്തിന്റെ സിനിമയിൽ നിന്നും അവസരം ലഭിച്ചപ്പോൾ വല്ലാത്ത ഭയമായിരുന്നെന്ന് ദുൽഖർ പറയുന്നു. 'മണിസാറിനൊപ്പം ഇരിക്കുമ്പോൾ ഒന്നുമല്ലെങ്കിൽ നിങ്ങൾക്കെന്തെങ്കിലും പറയാൻ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകൾക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേൽ നിശബ്ദമായിരിക്കും,' ദുൽഖർ ഓർത്തെടുക്കുന്നു.എനിക്കുറപ്പാണ് ആ സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തലയിലൂടെ സിനിമയിലെ ഓരോ രംഗങ്ങളും പാഞ്ഞുപോകുകയായിരിക്കുമെന്നും നടൻ പറയുന്നു

ഹിന്ദി സിനിമാലോകമാണ് തന്റെ ജീവിതവുമായി കൂടുതലായും ചേരുന്നതെന്നും ദുൽഖർ പറഞ്ഞു. 'സത്യസന്ധമായി പറഞാൽ എനിക്ക് കൂടുതലായി ഹിന്ദി ഇൻഡസ്ട്രിയുമായാണ് ചേർച്ച തേന്നുന്നത്. അവിടത്തെ സഹസംവിധായകർ, ക്രൂ മെമ്പേഴ്സെല്ലാം എന്നെ പോലെയാണ് വളർന്നിട്ടുള്ളത്. അവർ വളർന്നത് വലിയ നഗരങ്ങളിലാണ്. അവർ നല്ലവണ്ണം യാത്രചെയ്യുന്നവരാണ്, ഞങ്ങൾ കാണുന്ന സിനിമകൾ, വായിക്കുന്ന പുസ്തകങ്ങളെല്ലാം ഒട്ടുമിക്കതും ഒരുപോലെയുള്ളതാണ്. എന്നാൽ ചെറിയ ഇൻഡസ്ട്രിയിൽ ഇത്രത്തോളം ഇല്ലെങ്കിലും അവരും പുതിയ സാധ്യതകൾ തുറന്നിടുന്നു. ഇതാണ് ഞാൻ കാണുന്ന വലിയ വ്യത്യാസം.'-ദുൽഖർ പറഞ്ഞു.

അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന സോയ ഫാക്ടർ എന്ന ബോളിവുഡ് ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായാണ് ദുൽഖർ എത്തുന്നത്. കണ്ണും കണ്ണും കൊള്ളയടിച്ചാൽ എന്ന തമിഴ് ചിത്രവും. പ്രാണ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്.