കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് സമനില കുരുക്ക്. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡാണ് നിലവിലെ ജേതാക്കളായ ഗോകുലത്തെ സമനിലയിൽ പിടിച്ചത്. ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ ഘാന താരം റഹീം ഓസുമാനുവിലൂടെ ഗോകുലം ലീഡെടുത്തു. എന്നാൽ 30-ാം മിനിറ്റിൽ ജെയ്നിലൂടെ ആർമി സമനില പിടിച്ചു. സമനില ഗോൾ നേടി 10 മിനിറ്റ് തികയും മുമ്പ് താപ്പയിലൂടെ ആർമി ലീഡെടുത്തു. ഗോകുലം ഗോൾകീപ്പർ അജ്മലിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ ഗോളിനായി ഗോകുലം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ എൽവിസിനെ ബോക്സിൽ വീഴ്‌ത്തിയതിന് ഗോകുലത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഈ കിക്ക് വലയിലെത്തിച്ച് 68-ാം മിനിറ്റിൽ ക്യാപ്റ്റൻ ഷെരീഫ് ഗോകുലത്തിന് സമനില ഗോൾ സമ്മാനിച്ചു.