തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് വിദ്വേഷ പരാമർശങ്ങളേത്തുടർന്ന് മലയാളം മിഷൻ കോഡിനേറ്റർ സ്ഥാനത്ത് നിന്നും ഖത്തറിലെ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ദുർഗാദാസ് ശിശുപാലൻ. തന്റെ ജോലി നഷ്ടപ്പെടുത്താനുള്ള പ്രചാരണങ്ങൾക്ക് സിപിഎം നേതാവ് ബാബു രാജൻ നേതൃത്വം നൽകിയെന്നാണ് ദുർഗാദാസ് ആരോപിക്കുന്നത്. ഖത്തർ എംബസിയുടെ കീഴിലെ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം വെയ്ക്കണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടതാണ് തനിക്കെതിരെയുള്ള പ്രചാരണത്തിന് കാരണമെന്നും ദുർഗാദാസ് ശിശുപാലൻ ഫേസ് ബുക്കിൽ കുറിച്ചു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനെക്കുറിച്ച് അധിക്ഷേപ പ്രസംഗം നടത്തിയതിനാണ് ദുർഗാദാസിനെ ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്നും നീക്കിയത്. ദുർഗാദാസിന്റെ പ്രസ്താവനകൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് പരാമർശമെന്നും മിഷൻ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാൾ കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും റിക്രൂട്ട്മെന്റ് എന്ന പേരിൽ തീവ്രവാദികൾക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുർഗാദാസിന്റെ വിവാദ പ്രസ്താവന.

ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധർമ്മത്തിൽ വളർത്താൻ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയിൽ സംവിധാനം ആവശ്യമാണെന്നും ഇയാൾ ആവശ്യപ്പെട്ടു. ഹിന്ദു മഹാസമ്മേളനത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേന്ദ്രമന്ത്രി വി മുരളീധരനിൽ നിന്നും ഇയാൾ ഏറ്റുവാങ്ങുകയുമുണ്ടായി. ദുർഗാ ദാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസി സംഘടനകളും നഴ്സുമാരുടെ കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. തീർത്തും വസ്തുതാവിരുദ്ധവും വിദ്വേഷപരവുമായ ആരോപണങ്ങളുന്നയിച്ച ദുർഗാദാസിനെതിരെ മാതൃകാപരമായ നടപടി വേണമെന്ന് ആവശ്യമുയർന്നു. മലയാളം മിഷൻ ചുമതലയിൽ നിന്ന് നീക്കിയതിന് പിന്നാലെ ദുർഗാദാസിനെ ജോലി സ്ഥലത്ത് നിന്ന് പിരിച്ചുവിട്ടതായും വാർത്തകൾ വന്നിരുന്നു. ഇതിനെ പ്രവാസി സംഘടനകൾ സ്വാഗതം ചെയ്യുകയുണ്ടായി.

ദുർഗാദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹിന്ദുവിന്റെ സാമ്പത്തികം ഗൾഫ് നാടുകളിൽ തകർത്തിട്ട് ഒരു പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐക്കാരനും നാട്ടിൽ എല്ലാ കപട മതേതരക്കാർക്കും പച്ച പരവതാനി വിരിക്കാമെന്ന് കരുതണ്ട. നിന്റെ ഒക്കെ വ്യാപാര സ്ഥാപനങ്ങൾ ഹിന്ദുക്കളും ഇനി ബഹിഷ്‌കരിക്കും. നിനക്കൊക്കെ മൗന പിന്തുണ നൽകുന്ന ലീഗും ജമാ അത്തെ ഇസ്ളാമിയും ഇതിന് വില നൽകേണ്ടി വരും. കേന്ദ്ര സർക്കാർ പിഎഫ്ഐയെ നിരോധിക്കണം, ഖത്തറിലെ ഭാരത എംബസി പിഎഫ്ഐ സംഘടനയ്ക്ക് നൽകിയ അഫിലിയേഷൻ റദ്ധാക്കണം.

എംബസ്സിയുടെ കീഴിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ട എന്നെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് ഇൻകാസ് നേതാവ് മണികണ്ഠനും മുൻ വൈസ് പ്രസിഡന്റ് ബിജെപി ഖത്തർ പിന്തുണയോടെ അധികാരത്തിൽ കയറിയ വിനോദ് നായരും ഇപ്പോഴത്തെ പ്രസിഡന്റ് സിപിഐഎം നേതാവായ ബാബു രാജനും രാജ്യ വിരുദ്ധ ശക്തികളുമായി ചേർന്ന് ഖത്തറിലെ ജോലി നഷ്ടപ്പെടുത്താൻ ഉള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേന്ദ്ര സർക്കാർ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെടും.'