രാജ്യമെങ്ങും പൊടിക്കാറ്റിൽ മുങ്ങിയതിനെ തുടർന്ന് വ്യാപക നാശനഷ്ടം.സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റാണ് അടിച്ചു വീശിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റ് ശക്തിയാർജ്ജിച്ചത്. മിനിറ്റിൽ 40 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് കാരണം നിരവധി യാത്രക്കാർ ദുരിതത്തിലായി. അൽ അഹ്‌സ, ജുബൈൽ, കിങ് ഫഹദ് എയർപോർട്ട്, ഖഫ്ജി, ഹഫർ അൽ ബാത്തിൻ, നാരിയ, സഫ് വ എന്നീ ഭാഗത്തേക്കുള്ള റോഡുകൾ മണലുകൊണ്ട് മൂടപ്പെട്ട അവസ്ഥയിലാണ്.

മോശം കാലാവസ്ഥയെ തുടർന്നു ദമാം കിങ് ഫഹദ് എയർപോർട്ടിൽ രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു.ജിദ്ദ, ബീശ എന്നിവിടങ്ങളിൽ നിന്നുമുള്ള ആഭ്യന്തര വിമാന സർവീസുകൾ അൽഖസീം, റിയാദ് എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു. ശക്തമായ കാറ്റിൽ റോഡിൽ മണൽ കുന്നുകൂടിയതിനെ തുടർന്ന് ദമാം എയർപോർട്ടിലേക്കുള്ള കിങ് ഫഹദ് റോഡ് ട്രാഫിക് ഡയറക്ടറേറ്റ് അടച്ചു.

ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡിൽ രാവിലെ നാല് മണിക്കൂറോളം പൂർണമായും ഗതാഗതം സംതംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് മണൽ നീക്കി സഞ്ചാര യോഗ്യമാക്കു കയായിരിന്നു. ഖഫ്ജി റോഡിൽ ദൂര കാഴ്ച ഇല്ലാത്തത് കാരണം അഞ്ചു വ്യത്യസ്ഥ അപകടങ്ങൾ ഉണ്ടായതായി റെഡ് ക്രെസെന്റ് അറിയിച്ചു.

ശക്തമായ പൊടിക്കാറ്റ് മൂലം, നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഏറേ പ്രയാസപ്പെട്ടു. നഗര പ്രദേശങ്ങളിലും ശക്തമായ കാറ്റാണ് വീശുന്നത്. അടുത്ത മൂന്ന് ദിവസവും ഇതേ അവസ്ഥ തുടരാൻ സാധ്യത ഉണ്ട്. ദൂര യാത്ര പരമാവധി ഒഴിവാക്കണം എന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.നിരവധി സ്ഥലങ്ങളിൽവൈദ്യുതി പോസ്റ്റുകളും മരങ്ങളും താല്ക്കാലിക ഷെഡുകളും നിലംപതിച്ചു.